തിരുവനന്തപുരം : മൂന്നു ദിവസത്തെ സന്ദർശനത്തിനായി ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയും കമ്മിഷൻ അംഗങ്ങളും ഇന്ന് കേരളത്തിലെത്തും. പതിനാറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് തയാറാക്കുന്നതിനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ് കേരള സന്ദർശനം. കൊച്ചിയിലെത്തുന്ന സംഘത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ സ്വീകരിക്കും.
സംഘം നാളെ രാവിലെ കോട്ടയം ജില്ലയിലെ തിരുവാർപ്പ്, അയ്മനം പഞ്ചായത്ത് പ്രദേശങ്ങൾ സന്ദർശിക്കും. വൈകീട്ട് കമ്മീഷൻ ചെയർമാനും സംഘവും കോവളത്ത് എത്തും. ചൊവ്വാഴ്ച രാവിലെ 9.30 ന് കോവളം ലീല ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും സ്വീകരിക്കും.
തുടർന്ന് മന്ത്രിമാരുമായി സംഘം ചർച്ച നടത്തും. 11.30 മുതൽ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. കെ എൻ ഹരിലാൽ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അസോസിയേഷനുകൾ, ചേംബർ ഓഫ് മിനിസിപ്പൽ ചെയർമാൻ, മേയേഴ്സ് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ച നടത്തും. വ്യാപാരി വ്യവസായി പ്രതിനിധികളെയും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും സംഘം കാണും.
ധനകാര്യ കമ്മിഷൻ മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങൾ ശക്തമായി അവതരിപ്പിക്കാനും അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങളെല്ലാം നേടിയെടുക്കാനും കൃത്യമായ മുന്നൊരുക്കങ്ങളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കമ്മീഷൻ കേന്ദ്രത്തിന് നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് അടുത്ത അഞ്ച് വർഷത്തേയ്ക്ക് സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതം നിശ്ചയിക്കുക. വായ്പാ പരിധിയടക്കം കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തിൽ കേരളത്തിന് ധനകാര്യ കമ്മീഷൻ സന്ദർശനം നിർണായകമാണ്.
കേന്ദ്ര വിഹിതം 41 ശതമാനത്തിൽ നിന്ന് 50 ആക്കണമെന്ന് ധനകാര്യ കമ്മീഷന് മുന്നിൽ സംസ്ഥാനം ആവശ്യപ്പെടും. 2011 ലെ ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിഹിതം കണക്കാക്കുന്ന രീതി നിർത്തണം. ജനസംഖ്യ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ അതിന്റെ പേരിൽ അവഗണിക്കരുത്. കേരളത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നും സംസ്ഥാനസർക്കാർ ആവശ്യമുന്നയിക്കും.