കൊച്ചി : നവകേരളസദസ്സിനിടെയുള്ള രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രേരണാകുറ്റം ചുമത്താന്‍ തെളിവില്ലെന്ന് പൊലീസ്. എറണാകുളം സിജെഎം കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്കിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരായ ഡിവൈഎഫ്ഐ ആക്രമണം രക്ഷാപ്രവര്‍ത്തനമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് കോടതിയെ സമീപിച്ചത്. രക്ഷാപ്രവ!ര്‍ത്തനം തുടരാം എന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നായിരുന്നു ഷിയാസിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഹര്ജിക്കാരന് ടിവിയിലും മറ്റ് മാധ്യമങ്ങളിലും കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും പരാതിക്കാരന് സംഭവത്തിന് നേരിട്ട് സാക്ഷിയല്ലെന്നും പൊലീസ് പറയുന്നു. നവകേരള സദസ്സിലെ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാന്മാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മര്‍ദിക്കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആലപ്പുഴയിലും കോതമംഗലത്തും ഉള്‍പ്പെടെ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നെങ്കിലും സംഭവത്തെ ‘രക്ഷാപ്രവര്‍ത്തന’മെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.