കൊച്ചി : എഡിഎം നവീന്‍ബാബുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയാസ്പദമായ പരിക്കുകള്‍ ഒന്നും ശരീരത്തില്‍ ഇല്ലെന്നും ബലപ്രയേഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുതന്നെ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഹൈക്കോടതിയില്‍ നല്കിയ സത്യാവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
എഡിഎം നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാന്‍ കാരണങ്ങളില്ലെന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി, സാക്ഷി മൊഴി, സാഹചര്യ തെളിവുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ല. പ്രതി പിപിദിവ്യയുടെയും കലക്ടറുടെയും പ്രശാന്തിന്റെയും കോള്‍ ഡേറ്റ രേഖകള്‍ ശേഖരിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത് കൊടേരി നല്കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
ക്രിമിനല്‍ അന്വേഷണത്തിലെ എല്ലാ മികച്ച രീതികളും പിന്തുടര്ന്നാണ് അന്വേഷണം നടത്തുന്നത്. പഴുതുകള്‍ ഒഴിവാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന ആരോപണം തെറ്റാണ്. കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സാധ്യത തള്ളികളയാനാവില്ലെന്ന ആരോപണം അനുസരിച്ച് അന്വേഷണം നടക്കുന്നുണ്ട്. തൂങ്ങിമരണമാണെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവും പറയുന്നില്ല. ഇന്‍ക്വസ്റ്റില്‍ ഇതിനുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നു സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക തെളിവു ശേഖരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തില്ലെന്നും എസ്ഐടി റിപ്പോര്‍ട്ട്, കോള്‍ ഡേറ്റ രേഖകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും വിവരങ്ങളില്ലാതെ അവ്യക്തമാണെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ദുരുദ്ദേശ്യമാണ് പിന്നില്‍.
ഇന്‍ക്വസ്റ്റ് സമയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യം വേണമെന്നു നിര്‍ബന്ധമില്ല. 5 മണിക്കൂറിനുള്ളില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. പത്തനംതിട്ടയില്‍ നിന്നു ബന്ധുക്കള്‍ കണ്ണൂരിലെത്താന്‍ 12 മണിക്കൂര്‍ സഞ്ചരിക്കണമെന്നതിന്റെ അടിസ്ഥാനത്തില്‍ നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു കലക്ടറേറ്റ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിരുന്നു.
സ്വതന്ത്ര സാക്ഷിയുടെയും വിദഗ്ധന്റെയും സാന്നിധ്യത്തില്‍ സംഭവ സ്ഥലത്തു വിശദമായ പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. നവീന്‍ ബാബു ഉപയോഗിച്ച രണ്ട് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ അന്വേഷണത്തിനു ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോണില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിട്ടില്ല. കോള്‍ ഡേറ്റ വിവരങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചു,ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. പൊലീസ്, മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചില്ല.
ഗൂഢാലോചനയുണ്ടെന്ന സൂചനയുമായി പ്രശാന്തിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. നവീന്‍ ബാബു കലക്ടറേറ്റില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുനീശ്വരന്‍ കോവില്‍ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. നവീന്‍ ബാബു താമസിച്ചിരുന്നതിന്റെ 30 മീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ക്വാര്‍ട്ടേഴ്സ് കാണുന്ന സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനായിട്ടില്ല. എന്നാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതി സിപിഎംകാരിയായതിനാല്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കില്ലെന്ന ആരോപണം തെറ്റാണ്. അതിവേഗത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. നവീന്‍ ബാബുവിന്റെ സഹോദരന് നല്കിയ പരാതിയില്‍ പ്രശാന്തിനെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ മറ്റ് വസ്തുതകള്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം പൊലീസിന്റെ സത്യവാങ്മൂലത്തിനെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്തെത്തി. പരിയായരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് നടത്തണമെന്നും കുടുംബം കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. കലക്ടര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും തിടുക്കപ്പെട്ട് പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.