അഹമ്മദാബാദ് : അടുത്തമാസം വിവാഹം ഉറപ്പിച്ച യുവാവിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ബന്ധിതമായി വന്ധ്യംകരണം നടത്തി. 30കാരനായ ഗോവിന്ദ് ദന്താനിയെയാണ് വന്ധ്യംകരണം നടത്തിയത്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലാണ് സംഭവം. നവംബര്‍ 24 മുതല്‍ ഡിസംബര്‍ 4 വരെ ഗുജറാത്ത് കുടുംബാസൂത്രണ ദ്വൈവാരം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പുകള്‍ക്ക് പ്രത്യേക ടാര്‍ജറ്റും നല്‍കിയിരുന്നു.
ഫാം ജോലിയുടെ മറവിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ സമീപിച്ചത്. ദിവസവും നാരങ്ങയും പേരക്കയും പറിക്കുന്നതിന് 500 രൂപ വാഗ്ദാനം ചെയ്തു. ഫാമിലേക്ക് കൊണ്ടുപോകുകയാണെന്ന വ്യാജേനെ യുവാവിനെ സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും വഴിവക്കില്‍ വച്ച് നൂറ് രൂപയുടെ മദ്യം വാങ്ങി നല്‍കുകയും ചെയ്തു. അബോധവാസ്ഥയിലായ യുവാവിനെ അതിനുശേഷം ആംബുലന്‍സില്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെവച്ച് വന്ധ്യംകരണം നടത്തുകയായിരുന്നെന്ന് മുന്‍ ഗ്രാമത്തലവന് പ്രഹ്ലാദ് ഠാക്കൂര്‍ പറഞ്ഞു.
വന്ധ്യംകരണത്തിന് ശേഷം അടുത്ത ദിവസം ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ ഫാമില്‍ ഉപേക്ഷിച്ചു. പിറ്റേദിവസം മൂത്രം ഒഴിക്കുമ്പോള്‍ കടുത്ത വേദന വന്നതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയലെത്തിയപ്പോഴാണ് വന്ധ്യംകരണത്തിന് വിധേയനായതായി അറിയുന്നത്. തന്റെ സമ്മതമോ, അറിവോ ഇല്ലാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ വന്ധ്യംകരണം നടത്തിയതെന്ന് ഗോവിന്ദ് പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി ഗുജറത്തില്‍ കുടുംബാസൂത്രണ ദ്വൈവാരമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ടാര്‍ജറ്റ് നല്‍കിയിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. മെഹ്സാന ജില്ലയില്‍ ജില്ലയില്‍ 175 വന്ധ്യംകരണം നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ ഇതുവരെ 28 പേരെ വന്ധ്യംകരണം നടത്തിയായതായുമാണ് ആരോഗ്യവൃത്തങ്ങള്‍ പറയുന്നത്. അതേസമയം സംസ്ഥാന വ്യാപകമായി വന്ധ്യംകരണക്യാമ്പുകള് പ്രവര്‍ത്തിച്ചിരുന്നതായി ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു. യുവാവിനെ വന്ധ്യംകരണം നടത്തിയതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചതായും അവര്‍ക്ക് എതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.