തിരുവനന്തപുരം : ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങ് ഇന്ന് വത്തിക്കാനിൽ. കർദ്ദിനാൾ പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന പെരുമയും അദ്ദേഹത്തിനു സ്വന്തമാകും. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് സ്ഥാനാരോഹണ ചടങ്ങുകൾ.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ചടങ്ങുകൾ. ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും. ഇദ്ദേഹത്തിനൊപ്പം മറ്റ് 20 പേരേയും കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തും.
ചടങ്ങുകൾക്ക് പിന്നാലെ ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദ്ദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശിർവാദം വാങ്ങും. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ പുതിയ കർദ്ദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും.
ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം പങ്കെടുക്കും. കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനിൽ ആന്റണി, അനൂപ് ആന്റണി, ടോം വടക്കൻ അടക്കമുള്ളവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിൽ എത്തിയത്. എംഎൽഎമാർ ഉൾപ്പെടെയുള്ള മലയാളി പ്രതിനിധി സംഘവും വത്തിക്കാനിൽ എത്തിയിട്ടുണ്ട്.