കട്ടപ്പന : കട്ടപ്പന ബസ് സ്റ്റാന്റില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. കുമളി-മൂന്നാര്‍ റൂട്ടിലോടുന്ന ദിയ ബസ്സിന്റെ ഡ്രൈവറായ ബൈസന്‍ വാലി സ്വദേശി സിറില്‍ വര്‍ഗീസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്പെന്ഷന്.
ഡിസംബര്‍ ഒന്ന് ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കട്ടപ്പന പുതിയ സ്റ്റാന്‍ഡിലെ ടെര്‍മിനലില്‍ ബസ് കാത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. കുമളി അരമിനിയില് വിഷ്ണു ബസിനടിയില്‍പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. പിന്നോട്ടെടുത്ത ബസ്, ഗിയര്‍ മാറിവീണ് മുന്നോട്ട് കുതിച്ച് ഉയര്‍ത്തിക്കെട്ടിയ തറയും പിന്നിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ഈ സമയം സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നവര്‍ക്കായുള്ള കസേരയില്‍ ഫോണില്‍ നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ തലയൊഴിച്ചുള്ള ഭാഗം ബസ്സിനടിയില്‍ കുടുങ്ങുകയും ചെയ്തു.
ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. പിന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗിയര്‍ ഫസ്റ്റിലേക്ക് മാറുകയും ബസ് മുന്നോട്ട് നീങ്ങുകയുമായിരുന്നു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിനൊപ്പം ഒരാഴ്ച പ്രത്യേക പരിശീലനം നേടാനും എംവിഡി നിര്‍ദേശിച്ചിട്ടുണ്ട്.