തിരുവനന്തപുരം : കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ നിന്നും ടീ കോം (ദുബായ് ഹോള്‍ഡിങ്സ്) കമ്പനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരാറൊപ്പിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് ടീകോമിനെ ഒഴിവാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നല്കിയ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു.
ടീ കോമുമായി ചര്‍ച്ചകള്‍ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം തയ്യാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതിയില്‍ നിന്നും പിന്മാറാല് ടീകോം കമ്പനി സര്‍ക്കാരിനെ താല്‍പ്പര്യം അറിയിച്ചിരുന്നു. ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. ടീ കോം ഒഴിയുന്ന സാഹചര്യത്തില്‍ ഇവിടെ മറ്റ് നിക്ഷേപ പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചനകള്‍ ആരംഭിച്ചു.
യുഎഇക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന ടീ കോമിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായിക്കൂടിയാണ് പിന്മാറ്റം. കെട്ടിട നിര്‍മാണത്തിന് അടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തലത്തിലുള്ള ധാരണ.
നഷ്ട പരിഹാരത്തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്.
കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് ഐടി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു 2011 ല്‍ ഒപ്പിട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ പത്തുവര്‍ഷത്തിലേറെയായിട്ടും ദുബായ് ഹോള്‍ഡിങ്സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ, കരാര്‍ പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ല. പദ്ധതിയില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തത് കണക്കിലെടുത്ത് പിന്മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ പലവട്ടം ടീകോമുമായി ചര്‍ച്ച നടത്തിയിരുന്നു.