കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. പദ്ധതിയില്‍ ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് യോഗം. യോഗത്തില്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും കെ റെയില്‍ പ്രതിനിധികളും സംബന്ധിക്കും. ഡിപിആര്‍ പരിഷ്കരണം അടക്കം ചര്‍ച്ചയാകും.
നിലവിലെ പദ്ധതി രേഖയിലെ അടിസ്ഥാന കാര്യങ്ങളില്‍ മാറ്റമുണ്ടാകുമോയെന്ന് ഇന്ന് വ്യക്തമാകും. വീതികുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം സില്‍വര്‍ ലൈനിന്റെ ട്രാക്ക് റെയില്‍വേ ഉപയോഗിക്കുന്നതു പോലുള്ള ബ്രോഡ്ഗേജാക്കണമെന്നും വന്ദേഭാരതും ഗുഡ്സ്ട്രെയിനുകളും ഇതിലൂടെ ഓടിക്കണമെന്നുമാണ് റെയില്‍വേയുടെ പ്രധാന നിര്‍ദ്ദേശം.
വെള്ളക്കെട്ട് അടക്കം പരിസ്ഥിതി പ്രശ്നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. പുതിയ വേഗ ട്രാക്കുകളുണ്ടാക്കാനുള്ള ദേശീയനയം പാലിച്ചായിരിക്കണം പദ്ധതിരേഖ പുതുക്കേണ്ടത്. പരിഹരിക്കേണ്ട പിഴവുകളും പരിഹാര നിര്‍ദ്ദേശങ്ങളും റെയില്‍വേ, കെ-റെയിലിന് കൈമാറിയിട്ടുണ്ട്. ഇതിന്മേല് വിശദമായ ചര്‍ച്ച നടക്കും.
സിൽവർ ലൈനിൽ റെയിൽവേയുടെ നയം അറിയണമെന്ന് കെ റെയിൽ ആവശ്യപ്പെട്ടേക്കും. നയപരമായി അംഗീകരിച്ചാൽ മാത്രം ഡിപിആർ പരിഷ്കരണമെന്നാണ് കെ റെയിൽ അധികൃതരുടെ നിലപാട്. സിൽവർ ലൈനിന്റെ കാര്യത്തിൽ മൂന്നുവട്ടം ദക്ഷിണ റെയിൽവേയുമായി കെ-റെയിൽ ചർച്ചകൾ നടത്തിയിരുന്നു. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.