കണ്ണൂര്‍ : റോഡ് കയ്യേറി പണിഞ്ഞ സമരപ്പന്തലിലേക്ക് കെഎസ്ആര്‍ടിസി ബസ് പാഞ്ഞു കയറി ഒരാള്‍ക്ക് പരിക്കേറ്റു. പന്തല്‍ നിര്‍മാണ തൊഴിലാളിയായ അസ്വം സ്വദേശിക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ പന്തലിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്പില് ഡിസംബര്‍ അഞ്ചിന് നടത്താനിരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പന്തല്‍ പണിയാന്‍ തുടങ്ങിയത്.
ഇതിനിടെയാണ് കണ്ണൂരില്‍ നിന്നും മയ്യില്‍ – ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പന്തലിനകത്തേക്ക് ഇടിച്ചുകയറിയത്. ബസിന്റെ മുകളിലെ ലഗേജ് കാരിയര്‍ പന്തലിന്റെ ഇരുമ്പ് പൈപ്പില്‍ കുരുങ്ങുകയായിരുന്നു. പന്തല്‍ പൂര്‍ണമായും അഴിച്ചുമാറ്റിയതിന് ശേഷമാണ് ബസ് സ്ഥലത്തുനിന്ന് മാറ്റാനായത്. തുടര്‍ന്ന് നഗരത്തില്‍ ഏറെ നേരം ഗതാഗതകുരുക്ക് ഉണ്ടായി.
നുറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡ് കൈയ്യേറിയായിരുന്നു കൂറ്റന്‍ പന്തല്‍ നിര്‍മ്മാണം. പന്തല്‍ നിര്‍മിച്ചത് അശാസ്ത്രീയമായിട്ടാണെന്നും വാഹനങ്ങളെ വഴിതിരിച്ചുവിടാതെ വാഹനങ്ങളും ആളുകളും പോകുന്ന റോഡിലേക്ക് ഇറക്കിയാണ് പന്തല്‍ കെട്ടിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജനാണ് നാളത്തെ സമരത്തിന്റെ ഉദ്ഘാടകന്‍.