തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ കരട് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്നു കൂടി സ്വീകരിക്കും. ഇന്നു വൈകിട്ട് 5 മണിക്ക് മുമ്പായി പരാതികളും നിര്‍ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മിഷന് സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ റജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കാം.
അവസാന തീയതിക്കുശേഷം ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കില്ല. കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ നവംബർ 16നാണ് സർക്കാർ പ്രസിദ്ധീകരിച്ചത്. https://www.delimitation.lsgkerala.gov.in വൈബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫിസുകളിലും കരട് വാർഡ് വിഭജന നിർദേശങ്ങൾ ലഭ്യമാണ്. കരട് നിർദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും സർക്കാർ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
വാർഡ് വിഭജന പരാതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ സ്വീകരിക്കുന്നതല്ലെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കുള്ള പരാതികൾ, സെക്രട്ടറി, ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033 ഫോൺ: 0471-2335030 എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.