ആലപ്പുഴ : ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായെന്ന് കണ്ടെത്തൽ. റെന്റ് എ കാർ ലൈസൻസ് ഇല്ലെന്നും ടാക്സി പെർമിഷൻ ഇല്ലെന്നും കണ്ടെത്തി. ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷാമിൽ ഖാൻ ആണ് വാഹന ഉടമ. വാഹന ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.
ഷവർലെറ്റിന്റെ ടവേര വാഹനത്തിന് സെവൻ സീറ്റർ കപ്പാസിറ്റിയാണുള്ളത്. കാറിൽ സഞ്ചരിച്ചത് 11 വിദ്യാർഥികളായിരുന്നു. ഇതിൽ അഞ്ചു വിദ്യാർത്ഥികളാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചവർ. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന്ലെ രാത്രി ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 14 വർഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നുവെന്ന് ആലപ്പുഴ ആർടിഒ പറഞ്ഞു.
റോഡിൽ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആർടിഒ പറഞ്ഞു. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവർക്ക് കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കും. ഒരു വസ്തുമുന്നിൽ കണ്ട് കാർ വെട്ടിച്ചെന്നായിരുന്നു ഡ്രൈവർ ആയിരുന്ന വിദ്യാർത്ഥി പറഞ്ഞത്. എന്നാൽ വീഡിയോയിൽ ഇത് കാണുന്നില്ല. അതിനാൽ വീഡിയോ ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്ന് ആർടിഒ പറഞ്ഞു.