കൊച്ചി : കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷന് ജാമ്യം. കേസിലെ മറ്റൊരു പ്രതി പികെ ജീല്‍സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി ഇരുവരും ജയിലിലാണ്
ഇനിയും ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്നും കേസില്‍ വിചാരണ വൈകുമെന്നതും കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് സിഎസ് ഡയസാണ് ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വാദം കേട്ടത്. വടക്കാഞ്ചേരി നഗരസഭാംഗമാണ് അരവിന്ദാക്ഷന്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി നേരത്തെ അരവിന്ദാക്ഷന് കോടതി പത്തുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ തൃശൂര്‍ കോലഴി സ്വദേശി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തായ അരവിന്ദാക്ഷന് പണം ഇടപാടിലെ ഇടനിലക്കാരനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. തൃശൂര്‍ പാര്‍ളിക്കാടുള്ള വീട്ടില്‍നിന്ന് 2023 സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെയാണ് ഇഡി അറസ്റ്റ് ചെയ്തത്.