കൊച്ചി : വീണ്ടും മാധ്യമങ്ങൾക്ക് ഭീഷണിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിലെത്തി ചോദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോൾ മാധ്യമപ്രവർത്തകരുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നുവെന്നും, അതയച്ചത് ആരാണെന്ന് അറിയാമെന്നും പറഞ്ഞ സുരേന്ദ്രൻ, നിങ്ങൾക്കൊന്നും ഒരു നാണവും ഇല്ലേയെന്നും കുറ്റപ്പെടുത്തി.
ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും, പത്രത്താളുകളിലും അടിച്ചുവിടുകയാണോ എന്ന് ചോദിച്ച അദ്ദേഹം, എത്തിക്സിൻ്റെ ഒരംശം പോലുമില്ലെന്നും, കേരള സമൂഹത്തിന് നിങ്ങളെ കാണുന്നത് തന്നെ അലർജിയാണെന്നും വിമർശിച്ചു.
മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസിൽ വന്ന് ചോദിക്കുമെന്ന് തന്നെയാണെന്ന് പറഞ്ഞ സുരേന്ദ്രൻ, കള്ളവാർത്തകൾ കൊടുത്താൽ ആ പത്രത്തിൻ്റെ ഓഫീസിൽ നേരെ വന്ന് ചോദിക്കുമെന്നും കൂട്ടിച്ചേർത്തു. അതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്.