ആലപ്പുഴ : പാര്‍ട്ടിയില്‍ സ്ഥാനമാനമില്ലാത്ത താന്‍ പ്രധാനിയാണെന്ന് എതിരാളികള്‍ കാണുന്നുവെന്ന് ജി സുധാകരന്. തനിക്ക് ഒരു അസംതൃപ്തിയുമില്ല. കഴിഞ്ഞ വര്‍ഷത്തെ തന്റെ രാഷ്ടീയ പ്രവര്‍ത്തനം കാണുമ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടിവിട്ടുപോകുന്നവര്‍ക്കും തന്നെ പറ്റി പറയേണ്ടിവരുന്നു. തന്റെ രാഷ്ട്രീയ ജീവിതം അവര്‍ക്കുംഅവഗണിക്കാനാവില്ലെന്നതാണ് അത് വ്യക്തമാക്കുന്നതെന്ന് സുധാകരന് പറഞ്ഞു. കെസി വേണുഗോപാല്‍ വീട്ടില്‍ എത്തി സന്ദര്‍ശിച്ചതി പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സൗഹൃദസന്ദര്‍ശനമെന്ന് ഇരുനേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ആരോഗ്യവിവരം തിരക്കിവന്നതാണെന്ന് ജി സുധാകരനും സന്ദര്‍ശനം വ്യക്തിപരമെന്ന് കെസി വേണുഗോപാലും മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ സുഖമില്ലാതെ കിടന്നതറിഞ്ഞ് വന്നതാണ്. ഞങ്ങള്‍ ഒരുപാട് കാലം അസംബ്ലിയില്‍ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വന്നതാണ്. സുഖമില്ലാതെ കിടന്നപ്പോള്‍ ഒരുപാട് പേര് എന്നെ കാണാന്‍ വന്നിട്ടുണ്ട്. നിങ്ങള്‍ക്ക് വാര്‍ത്തകള്‍ ഒന്നുമില്ലാത്തത് കൊണ്ട് നിങ്ങള്‍ ഇതും വാര്‍ത്തയാക്കുകയാണ്’- സുധാകരന് പറഞ്ഞു.
ഞാന്‍ 62 വര്‍ഷമായി രാഷ്ട്രീയത്തില്‍ ഉള്ള ആളല്ലേ?. ഇപ്പോഴും ഉണ്ടല്ലോ. മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങളല്ലേ ഒഴിഞ്ഞുള്ളു. അത് ഞങ്ങള്‍ എല്ലാ കൂടീ തീരുമാനിച്ചതാണല്ലോ. എനിക്ക് ഒരു അസംതൃപ്തിയുമില്ല. ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരാളെന്ന് എതിരാളികള്‍ കരുതുന്നു. അതാണ് രാഷ്ട്രീയം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും എന്റെ കഴിഞ്ഞ വര്‍ഷത്തെ രാഷ്്ട്രീയ പ്രവര്‍ത്തനം കാണുമ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ക്കും പാര്‍ട്ടിവിട്ടുപോകുന്നവര്‍ക്കും എന്നെ പറ്റി പറയേണ്ടിവരുമെന്നും. എന്റെ രാഷ്ട്രീയ ജീവിതം അവര്‍ക്കുംഅവഗണിക്കാനാവില്ല’.
‘കെ സുരേന്ദ്രന് പറയുന്നതിനൊക്കെ താന്‍ മറുപടിയ പറയണോ? അത് എന്ത് പത്രധര്‍മ്മമാണ്. എന്റെപേര് ആരെല്ലാം ലോകത്ത് പറയുന്നുണ്ട്. ഞാന്‍ ഒരു പൊതുപ്രവര്‍ത്തകനല്ലേ?. അതിന് എല്ലാ സമാധാനം പറയുന്ന രീതി എനിക്ക് ഇല്ല. ഞാന്‍ ഇപ്പോള്‍ അധികമൊന്നും പ്രതികരിക്കാറില്ല’- സുധാകരന് പറഞ്ഞു.