കൊച്ചി : നടൻ സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. വീട്ടിലെയും ഓഫീസുകളിലെയും പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നൽകാനാണ് നീക്കം. ഇന്നലെയാണ് പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിൽ ഐടി റെയ്ഡ് നടത്തിയത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് റെയ്ഡ് അവസാനിച്ചത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ, നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതികൾ എന്നിവയിലാണ് പരിശോധന.
ഉച്ചയോടെ ആരംഭിച്ച പരിശോധന രാത്രി 11.30ഓടെ അവസാനിച്ചു. സൗബിന്റെ മൊഴി ആദായ വകുപ്പ് രേഖപ്പെടുത്തി. മഞ്ഞുമ്മൽ സിനിമയുടെ നിർമാണത്തിന്റെ മറവിൽ നടന്ന കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, നിർമാതാവ് ഷോൺ ആന്റണി അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.