കൊച്ചി : കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ അകപ്പെട്ട സ്ത്രീകളെ കണ്ടെത്തി. അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂന്ന് സ്ത്രീകളും സുരക്ഷിതരെന്ന് ഡിഎഫ്ഒ പറഞ്ഞു. കാൽനടയായി തിരിച്ചെത്തിക്കും. ഒരു മണിക്കൂറെടുക്കും ഇവരെ കാടിനുള്ളിൽ നിന്ന് പുറത്തെത്തിക്കാൻ. വനത്തിൽ കുടുങ്ങി 14 മണിക്കൂർ കഴിഞ്ഞാണ് ഇവരെ കണ്ടെത്തിയത്.
കാടിനുള്ളിൽ ആറ് കിലോമീറ്റർ അകലെ നിന്നാണ് മൂന്നുപേരെയും കണ്ടെത്തിയത്. സ്ത്രീകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. ആനക്കൂട്ടം ഉണ്ടാകുന്ന സ്ഥലമാണ്. അവർ അവിടെ നിന്ന് തിരിച്ചതായി മലയാറ്റൂർ ഡിഎഫ്ഒ പ്രതികരിച്ചു. മായ, ഡാർലി, പാറുക്കുട്ടി എന്നിവരായിരുന്നു വനത്തിൽ ഇന്നലെ കുടുങ്ങിയത്. പശുക്കളെ തിരയാൻ വനത്തിനകത്തേക്ക് പോയ സ്ത്രീകൾ വഴി തെറ്റി വനത്തിൽ അകപെടുകയായിരുന്നു. ഇതിൽ പാറുക്കുട്ടിക്ക് മാത്രമാണ് വനം പരിചയമുണ്ടായിരുന്നത്.
കാട്ടാനക്കൂട്ടം ഉണ്ടായിരുന്നതിനായി അറക്കമുത്തിയിൽ പാറക്കൂട്ടങ്ങൾക്ക് മുകളിലാണ് ഇവർ തങ്ങിയിരുന്നതെന്ന് തിരച്ചിൽ നടത്തിയ സംഘത്തിലെ സാബു പറഞ്ഞു. ആനയെ ഒഴിവാക്കാനായി വഴിമാറി പോയതാണ് വഴി തെറ്റാനിടയാക്കിയതെന്ന് സാബു പറഞ്ഞു. ഫോണിൽ ചാർജ് ഇല്ലാതായതാണ് ഇവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവർ വനത്തിലേക്ക് പോയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. പശുവിനെ തിരഞ്ഞായിരുന്നു ഇവർ വനത്തിനുള്ളിലേക്ക് പോയത്. എന്നാൽ പശു ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരിച്ചെത്തിയിരുന്നു. രണ്ട് സംഘങ്ങളാണ് കാട്ടിൽ തിരച്ചിൽ നടത്തിയത്. 15 പേരും എട്ടു പേരും അടങ്ങുന്ന രണ്ട് സംഘങ്ങളാണ് തിരച്ചിൽ നടത്തിയത്.