കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ചേർത്തല സ്വദേശി മുരളീധരനാണ് സിബിഐ അന്വേഷണം തേടി ഹർജി നൽകിയത്.
നവീൻ ബാബുവിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്.
അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തേടി ഭാര്യ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന പോലീസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.