തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വൈസ്ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.
കെടിയുവില്‍ ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനേയും നിയമിച്ചത് സര്‍വകലാശാല ചട്ടങ്ങളേയും, ഇത് സംബന്ധിച്ച കോടതി നിര്‍ദേശങ്ങളേയും, കീഴ്വഴക്കങ്ങളേയും ലംഘിച്ചാണ്. നേരത്തെ കെടിയുവില്‍ സിസ തോമസിനെ താല്കാലിക വിസിയായി നിയമച്ചപ്പോള്‍ തന്നെ കോടതി തടഞ്ഞതാണ്. അത് സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് ഗവര്‍ണര്‍ സമീപിച്ചപ്പോള്‍ പഴയ ഉത്തരവ് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്. അതായത്, കെടിയുവില്‍ സര്‍വ്വകലാശാല നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പട്ടികയില്‍ നിന്ന് മാത്രമേ ചാന്‍സലര്‍ക്ക് നിയമിക്കാന്‍ അധികാരമുള്ളു. ഡിജിറ്റല്‍ സര്‍വകലാശാലയിലും ഇത് ബാധകമാണ്.
എന്നാല്‍, സര്‍ക്കാര്‍ കൊടുത്ത പട്ടിക പരിഗണിക്കാതെയാണ് ഇപ്പോള്‍ തന്നിഷ്ടപ്രകാരം ഇവരെ നിയമിച്ചത്. ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയും മുന്‍പേ അത് ലംഘിച്ച് വിസിമാരെ നിയമിച്ചത് കടുത്ത ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. നിയമവിരുദ്ധമായി മനപ്പൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുകയും കോടതിവ്യവഹാരങ്ങള്‍ വഴി സര്‍വ്വകലാശാലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് ചാന്‍സലര്‍ ചെയ്യുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.