റായ്പൂര്‍ : ഛത്തീസ്ഗഡില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ 14 നക്സലൈറ്റുകളെ വധിച്ചു. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഒരു സുരക്ഷാസൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.
വധിച്ചവരില്‍ ഒരു കോടി രൂപ വിലയിട്ടിട്ടുള്ള, മുതിര്‍ന്ന മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം ജയ്റാം എന്ന ചലപതിയും ഉള്‍പ്പെടുന്നതായി ഗരിയാബന്ധ് പൊലീസ് സൂപ്രണ്ട് നിഖില്‍ രഖേച അറിയിച്ചു. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
മെയിന്‍പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി സൈന്യം നടത്തിയ ഓപ്പറേഷനിടെ, മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. നക്സല്‍ വിമുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ മികച്ച നേട്ടം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സുരക്ഷാ സേന ഏറ്റുമുട്ടലില്‍ 14 നക്സലുകളെ വധിച്ചതായും അമിത് ഷാ വ്യക്തമാക്കി.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ട്. എകെ 47, എസ്എൽആർ തോക്കുകളും ഇൻസാസ് റൈഫിളുകളും മറ്റ് ആയുധങ്ങളും സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് ഓപ്പറേഷൻ തുടരുകയാണെന്ന് റായ്പൂർ റേഞ്ച് ഐജി അംരേഷ് മിശ്ര അറിയിച്ചു. ഗരിയാബന്ധിലെ വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച് നിർണായ വിവരം ലഭിച്ചതോടെ ഇക്കഴിഞ്ഞ 19നാണ് ഛത്തീസ്ഗഡ് ജില്ലാ റിസർവ് ഗാർഡും സിആർപിഎഫും കോബ്ര കമാൻഡോകളും ഒഡീഷ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സംയുക്തമായി തെരച്ചിൽ ആരംഭിച്ചത്. ഒഡീഷയുടെ നുവാപദയ്ക്ക് അഞ്ച് കിലോമീറ്റർ അടുത്തുള്ള ഗരിയാബന്ധിലെ കുലാരിഘട്ട് റിസർവ് വനത്തിൽ വൻതോതിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച ഇൻ്റലിജൻസ് റിപ്പോർട്ട്. ഗരിയാബന്ധ് എസ്പി നിഖിൽ രാഖേച, നുവാപദ എസ്പി രാഘവേന്ദ്ര, ഒഡീഷ മാവോയിസ്റ്റ് ഓപ്പറേഷൻ ഡിഐജി അഖിലേശ്വർ സിങ്, കോബ്ര ബറ്റാലിയൻ കമാൻഡൻ്റ് ഡിഎസ് കതൈയ്റ്റ് എന്നിവരാണ് സംയുക്ത ഓപ്പറേഷന് നേതൃത്വം നൽകിയത്.