ടെൽ അവീവ് : ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്ക്കെതിരെ കരയുദ്ധം രൂക്ഷമാക്കി ഇസ്രയേൽ തെക്കൻ ലെബനനിലേക്ക് കൂടുതൽ സേനയെ അയച്ചു. ഹിസ്ബുള്ളയുടെ 700 കേന്ദ്രങ്ങൾ തകർത്തതായി അവകാശപ്പെട്ടു. 25 ഗ്രാമങ്ങളിൽ നിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു.
പലയിടങ്ങളിലും ഹിസ്ബുള്ള ശക്തമായി ചെറുത്തു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് സ്കൈ ന്യൂസ് അറേബ്യ റിപ്പോർട്ട് ചെയ്തു . തെക്കൻ ലെബനാനിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടത്. നിരവധി സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദയ്സേ പട്ടണത്തിൽ ഇസ്രയേൽ സേനയെ ഏറ്റുമുട്ടലിൽ തുരത്തി. ഇസ്രയേലിലെ ഷ്തുല, മഷ്കാഫ് ആം, ഷോമേര സൈനിക ബാരക്കുകളിൽ ഹിസ്ബുള്ള മിസൈൽ ആക്രമണങ്ങളും നടത്തി. ഇസ്രയേൽ വ്യോമാക്രമണവും രൂക്ഷമാക്കി. ബെയ്റൂട്ടിലെ ദാഹിയേയിൽ മാരക ആക്രമണമായിരുന്നു. നിരന്തരം സ്ഫോടനങ്ങൾ നടന്നു. ജനങ്ങൾ കൂട്ടപ്പലായനത്തിലാണ്. നഗരം പ്രേതഭൂമിയായി.
മൂന്നു ഗ്രാമങ്ങൾ തകർത്തു
#ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളായ മൂന്നു ഗ്രാമങ്ങളെയാണ് തകർത്തത്.മീസ് എൽ ജബാൽ ഗ്രാമത്തിലെ വീടുകൾക്കടിയിൽ പാറ തുരന്നുണ്ടാക്കിയ 150 മീറ്റർ തുരങ്കവും ആയുധ ശേഖരവും ഉണ്ടായിരുന്നു.
#കഫർക്കേല ഗ്രാമത്തിൽ ഒരു വീട്ടിലെ കുട്ടികളുടെ മുറിക്കടിയിലൂടെ 100 മീറ്റർ നീളമുള്ള തുരങ്കത്തിൽ നിറയെ ആയുധങ്ങൾ.
# നൂറിറ്റ് ഗ്രാമത്തിൽ സൈനിക പോസ്റ്റുകളും റോക്കറ്റ് ലോഞ്ചറുകളും. മലമുകളിലും ഭൂമിക്കടിയിലും കിടങ്ങുകൾ. ബന്ധിപ്പിക്കുന്ന തുരങ്കങ്ങളിൽ ആയുധ ശേഖരം, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, താമസ സൗകര്യങ്ങൾ.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യം
ഏത് നിമിഷവും ഇസ്രയേൽ ഇറാനെ ആക്രമിക്കാം. ഇറാന്റെ ആണവകേന്ദ്രങ്ങൾ പ്രധാന ഉന്നമാണ്. പെട്രോകെമിക്കൽ കേന്ദ്രങ്ങളും ആക്രമിക്കാം. ഇറാന് മുന്നറിയിപ്പ് നൽകിയ അമേരിക്കയും ഇസ്രയേലിനൊപ്പമുണ്ട്.
ഗലീലി പിടിക്കാൻ ഇരുപക്ഷവും
വടക്കൻ ഇസ്രയേൽ അതിർത്തിയിലെ ഗലീലീ തീർത്ഥാടന കേന്ദ്രമാണ്. ഗലീലീ തടാകത്തിലാണ് യേശുക്രിസ്തു വെള്ളത്തിന് മുകളിലൂടെ നടന്നതായി വിശ്വസിക്കപ്പെടുന്നത്. ഹിസ്ബുള്ളയെ ഭയന്ന് 60,000 ഇസ്രയേലി പൗരന്മാർ പലായനം ചെയ്തു. ഗലീലീ പിടിക്കാൻ ഹമാസ് മോഡൽ ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിട്ടുണ്ട്.