മലപ്പുറം: മലപ്പുറത്ത് 12 പേർക്ക് H1 N1 സ്ഥിരീകരിച്ചു. ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. വഴിക്കടവ് സ്വദേശിക്കാണ് അവസാനം രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പകർച്ചപ്പനി രൂക്ഷമായ സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ പനിബാധിതർ ലക്ഷം കടന്നിരിക്കുകയാണ്. ഈ മാസം ഇതുവരെ 1.36 ലക്ഷം പേരാണ് പകർച്ചപ്പനി ബാധിതരായത്. ഇന്നലെ മാത്രം 13,600 പേർ ചികിത്സ തേടി. 164 പേർക്ക് ഡെങ്കിയും 24 പേർക്ക് മഞ്ഞപ്പിത്തവും 45 എച്ച്1എൻ1 കേസുകളും സ്ഥിരീകരിച്ച ഇന്നലെ രണ്ടുമരണങ്ങളും റിപ്പോർട്ട് ചെയ്തു.
വയറിളക്കരോഗം ബാധിച്ച് പാലക്കാട് 57കാരനും എച്ച്1എൻ1 ബാധിച്ച് തൃശൂരിൽ 80 കാരനുമാണ് മരിച്ചത്. കൊല്ലം ശാസ്താംകോട്ടയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 50കാരന്റെ മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്ത് കോളറ കണ്ടെത്തിയതോടെ വയറിളക്ക രോഗങ്ങളുമായെത്തുന്നവരെ ആശുപത്രികളിൽ പ്രത്യേകം നിരീക്ഷിക്കുകയാണ്. 3495 പേരാണ് ഇന്നലെ വയറിളക്കരോഗങ്ങൾക്ക് ചികിത്സ തേടിയത്. 82 പേർക്ക് ചിക്കൻപോക്സും ഏഴുപേർക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 10 ദിവസത്തിനിടെ 28 പനി മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്.
തലസ്ഥാനത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ടു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്നുപേർക്കാണ് ഇവിടെ കോളറ സ്ഥിരീകരിച്ചത്. ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട്ട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.