തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 12.26 ശതമാനം പോളിങ്. 2019 ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അന്ന് വോട്ടെടുപ്പിന്റെ ആദ്യ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 14.2 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
ഇത്തവണ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് ആറ്റിങ്ങലിലും ആലപ്പുഴയിലുമാണ്. യഥാക്രമം 13.29 ശതമാനം, 13.15 ശതമാനം. മലബാര്‍ മേഖലയിലാണ് കുറവ്. കോഴിക്കോടും വടകരയിലും മലപ്പുറത്തും പോളിങ് 11 ശതമാനം കടന്നിട്ടുള്ളൂ. പലയിടങ്ങളിലും ബൂത്തില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വരുംമണിക്കൂറുകളില്‍ പോളിങ് ഉയരുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ.രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്.
2.77 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. കനത്ത സുരക്ഷയാണ് സംസ്ഥാനത്തെ വോട്ടിങ് കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. കള്ളവോട്ടിന് ശ്രമം ഉണ്ടായാല്‍ കര്‍ശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം 7 ജില്ലകളില്‍ പൂര്‍ണ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.