ന്യൂഡൽഹി : സംസ്ഥാനത്ത് തിങ്കളാഴ്ച 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് സജീവ കോവിഡ് കേസുകൾ 1749 ആയി ഉയര്‍ന്നു.
രാജ്യത്തെ കോവിഡ് കേസുകളിൽ 88.78 ശതമാനവും കേരളത്തിലാണ്. തിങ്കളാഴ്ച രാജ്യത്ത് 142 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ സജീവ കോവിഡ് കേസുകൾ 1970 ആയി ഉയർന്നു.
കോവിഡ് കേസുകൾ ഉയർന്നതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധന ശക്തമാക്കണമെന്നും പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണമെന്നും കേന്ദ്രം നിർദേശം നല്കി. അതേസമയം, ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതും കേരളത്തിലാണ്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുതലാണെന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് തിങ്കളാഴ്ച പറഞ്ഞത്.
കഴിഞ്ഞ മാസം കോവിഡ് കേസുകളിൽ ചെറുതായി വർധന കണ്ടതിനെ തുടർന്ന് കൃത്യമായ ജാഗ്രതാ നിർദേശം നൽകി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സാന്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയച്ചു.
അതിൽ ഒരു സാന്പിളിൽ മാത്രമാണ് ജെഎന്‍ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആൾക്കാണ് ഇത് കണ്ടെത്തിയത്. അവർ രോഗമുക്തമായതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.
ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും റിവ്യൂ ചെയ്യുകയും ചെയ്യുന്നു.
ഈ മാസം 13 മുതൽ 16 വരെ ഇവയുടെ ലഭ്യത ഉറപ്പു വരുത്താനായി 1192 സർക്കാർ, സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഓണ്‍ലൈൻ മോക് ഡ്രിൽ നടത്തി.
ഓക്സിജൻ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളും ക്രമീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.