കണ്ണൂർ: കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച കുട്ടിയുടെ മൃതദേഹം ഇന്ന് ഖബറടക്കും. തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന നിഹാല്‍ നൗഷാദി(11)ന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.വിദേശത്തുള്ള നിഹാലിന്റെ പിതാവ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഉടന്‍ വീട്ടിലെത്തുമെന്നാണ് സൂചന.
ഞായറാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കു സമീപം നൗഷാദിന്റെ മകനാണ് മരിച്ച നിഹാൽ.ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ് നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത്. അരയ്ക്കുതാഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
നാട്ടുകാരും പോലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ വീടിനു 500 മീറ്റർ അകലെ ആളൊഴിഞ്ഞ വീട്ടുപറന്പിലെ ഗേറ്റിനു സമീപം നിഹാലിനെ കണ്ടെത്തുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗേറ്റിനു പുറത്തേക്കിറങ്ങിയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ എടക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാകാം നിഹാലിനെ തെരുവുനായക്കൂട്ടം ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.
സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ സംഭവം അപ്പോൾ ആരുടെയും ശ്രദ്ധയിൽപെടാതിരുന്നതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. നിഹാലിന്റെ ദേഹമാസകലം നായകൾ കടിച്ചുകീറിയ പാടുകളുണ്ട്. കാലിനേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് രക്തം വാർന്നാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.