രണ്ടാം യുപിഎ സര്‍ക്കാരിന്റെ റെയില്‍വെ, പൊതു ബജറ്റുകള്‍ക്ക് പുറമേ, സംസ്ഥാനത്തും ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നു. ധനകാര്യമന്ത്രി കെഎം മാണിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മാണിയുടെ 11 ാമത്തെ ബജറ്റാണ് അവതരിപ്പിക്കാന്‍ പോകുന്നത്.
ബജറ്റിന്റെ തിയതികള്‍ സമീപത്തിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത് ബജറ്റില്‍ പ്രഖ്യാപിക്കാന്‍ പോകുന്ന ഇളവുകളും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ്. പത്തു പെറ്റ അമ്മച്ചിക്ക് പതിനൊന്നാമത് ഒന്ന് കൂടി പെറാന്‍ പേടിയുണ്ടാവില്ല എന്നു മാണി തന്നെ പറയുന്നുണ്ട്, മാണി സാറിനെ പേടിയില്ലെങ്കിലും മലയാളികള്‍ക്ക് എല്ലാം തന്നെ പേടിയുണ്ട്.
മന്മോഹന് സിങ്ങും കോണ്‍ഗ്രസും പിന്തുടരുന്ന ആശയങ്ങള്‍ക്ക് സമാനമാണ് കെഎം മാണിയുടെ ആശയങ്ങളും എന്നതാണ് മലയാളികളെ പേടിപ്പിക്കുന്നത്. ഇനിയെന്തിനാണ് കൂട്ടേണ്ടത് എന്നാണ് ഇപ്പോള്‍ സോണിയ അധ്യക്ഷയായുള്ള ഉപദേശക സമിതിയും മൊണ്ടേക് സിങ് അലുവാലിയ നേതൃത്വം നല്കുന്ന പ്ലാനിങ് കമ്മീഷനും ഗവേഷണം നടത്തി കൊണ്ടിരിക്കുന്നത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ സകലത്തിനും യുപിഎ സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. ഈ പാതകളെ അനുകരിച്ച് കെഎം മാണിയും കണ്ണില്‍ കണ്ടതിനും കാതില്‍ കേട്ടതിനുമൊക്കെ നികുതി വര്‍ധിപ്പിക്കുമോ എന്ന് എല്ലാവര്ക്കും ആശങ്കയുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് വിദൂരത്തില്‍ അല്ലാത്തതിനാലും അതിന് മുന്‍പ് ഇനി ഒരു ബജറ്റ് ഇല്ലാത്തതിനാലും വോട്ടിങ് മെഷീനില്‍ കൈപത്തിക്ക് പത്ത് വോട്ട് കിട്ടുന്ന കലാപരിപാടികള്‍ എന്താണെങ്കിലും ബജറ്റില്‍ ഉണ്ടാകും. അതിനുള്ള ധാരണകളൊക്കെ കെപിസിസി നേതൃത്വവും ധനമന്ത്രാലയവും തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ട്. കൃഷിക്കും സ്ത്രീസുരക്ഷക്കും പ്രാധാന്യം നല്കുന്ന ബജറ്റായിരിക്കും താന്‍ അവതരിപ്പിക്കുക എന്ന് കെഎം മാണി നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമങ്ങളെ കുറിച്ച് പുനരാലോചനകള്‍ നടത്തുമ്പോള്‍ സ്ത്രീ സുരക്ഷക്കായി പണം മാറ്റി വെക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വേറെ ഒന്നും നോക്കിയില്ലെങ്കിലും മാണി സാറ് ഇത് കൃത്യമായി നോക്കും, കാരണം കുഞ്ഞ് മാണി (ജോസ് കെ മാണി) ഇനിയും എംപിയായി ജയിച്ചു കയറിയാലല്ലേ അടുത്ത തവണ എങ്കിലും ഒരു കേന്ദ്രമന്ത്രി സ്ഥാനത്തിനായി പിടി മുറുക്കാന്‍ സാധിക്കു.
സാധാരണയായി കെഎം മാണി അവതരിപ്പിക്കുന്ന എല്ലാ ബജറ്റിലും കാണാറുള്ള ഒന്നാണ് അമിതമായ കോട്ടയം(പാലാ) സ്നേഹം. ഒരു കോട്ടയത്തുകാരന് എന്ന നിലക്ക് എനിക്ക് സന്തോഷം തോന്നുമെങ്കിലും കേരളത്തിലെ മറ്റു ജില്ലക്കാര്‍ക്ക് അത് അത്ര സുഖിക്കാറില്ല. ഇത്തവണത്തെ ബജറ്റിലും കോട്ടയത്തിനും പാലായ്ക്കുമായി എന്തെങ്കിലും പ്രത്യേകമായി മാറ്റി വെക്കാതെ ഇരിക്കില്ല മാണി. കഴിഞ്ഞ തവണത്തെ ബജറ്റില്‍ കോട്ടയത്ത് ആകാശ കാര്‍ കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല, പത്ര പ്രവര്‍ത്തനവുമായി കൊച്ചിയില്‍ വന്നപ്പോള്‍ ഇവിടേയും പലപ്പോഴായി ഈ വാക്ക് കേട്ടിട്ടുണ്ടെങ്കിലും ആകാശത്ത് മഴക്കാറ് അല്ലാത്ത ഒരു കാര്‍ ഇതു വരെ നേരില്‍ കാണാന്‍ ഇടയായിട്ടില്ല. മാണി സാര്‍ ആകാശ കാര്‍ എന്നൊക്കെ തട്ടി വിട്ടപ്പോള്‍ ഇതേ കുറിച്ച് അന്വേഷിച്ചു പല വീഡിയോകളും കാണുകയും ചെയ്തിരുന്നു. വിദേശ രാജ്യങ്ങളില്‍ കാര്യക്ഷമമായി നടപ്പാക്കുന്ന ഈ പദ്ധതി നമ്മുടെ കേരളത്തില്‍ വന്നാല്‍ ആകാശ കാര്‍ പാതി വഴിക്ക് നിന്ന് പോകുകയും പിന്നെ അവിടെ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നത് മലയാളം ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്യും. ഇത് ഒരു ഉദാഹരണം മാത്രം, ഇങ്ങനെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന വമ്പന്‍ പദ്ധതികള്‍ ഏറെയുണ്ട്.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേരളത്തിലെ എംപിമാരുടെ യോഗം വിളിച്ചപ്പോള്‍ പങ്കെടുക്കാന്‍ വിരലില്‍ എണ്ണാവുന്ന ചുരുക്കം പേര് മാത്രം പങ്കെടുത്തു. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ പരാതിയുമായി കേന്ദ്ര മന്ത്രിമാരും എംപിമാരും സംഘം തിരിഞ്ഞ് കേന്ദ്ര മേലാളന്മാരെ കാണാന്‍ പോയി. പൊതു ബജറ്റ് വോട്ടില്‍ കണ്ണിട്ടുള്ളതായിരുന്നതിനാല് കാര്യമായി നിരാശപ്പെടേണ്ട വന്നില്ല, എന്നാല്‍ റെയില്‍വെ ബജറ്റ് കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തി കളഞ്ഞിരുന്നു. എന്നാല്‍ ബജറ്റിന് മറുപടി പ്രസംഗം നടത്തിയപ്പോള്‍ പവന് കുമാര്‍ ബന്‍സാല്‍ കേരളത്തിന് പുതിയതായി നാലു ട്രെയിനുകളും കഞ്ചിക്കോട് ഫാക്ടറി സമയബന്ധിതമായി പൂര്‍ത്തികരിക്കാമെന്ന് വാക്കും, ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുമെന്ന സ്വപ്നവും കേരളക്കാരോട് പങ്കു വെച്ചു. മലയാളികള്‍ ഹാപ്പി, എംപിമാര്‍ ഡബിള്‍ ഹാപ്പി, കേന്ദ്രമന്ത്രിമാര്‍ ട്രിപ്പിള്‍ ഹാപ്പി.
തങ്ങളുടെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ തത്ഫലമായി കേരളത്തിന് റെയില്‍വെ മന്ത്രി ഏതാണ്ടൊക്കെ തന്നു എന്ന് അടുത്തു വരുന്ന തെരഞ്ഞെടുപ്പില്‍ പ്രസംഗിക്കാം. ഇങ്ങനെ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ നേടിയെടുത്തതാണ് കേരളത്തിന്റ അവകാശങ്ങള്‍ എന്ന് വാദിക്കാനാണോ ബന്‍സാല്‍ പ്രഖ്യാപനങ്ങള്‍ ഇത്രയും വൈകിപ്പിച്ചതെന്നും ന്യായമായി സംശയിക്കാവുന്നതാണ്. കഥയില്‍ ചോദ്യമില്ല, അതു പോലെ രാഷ്ട്രീയത്തിലും ചോദ്യമില്ല.
കേരളത്തില്‍ പറക്കമുറ്റാറായതും മൊട്ടിട്ടു തുടങ്ങിയതും അടയിരിക്കുന്നതുമൊക്കെയായി പദ്ധതികള്‍ കൊട്ട കണക്കിന് ഉണ്ട്. ഇവയില്‍ ഏതിനൊക്കെ എത്രയൊക്കെ തുക മാറ്റി വെക്കും എന്നത് കണ്ടറിയണം. കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഉള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തും എന്നതില്‍ സംശയമില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഊന്നല്‍ നല്കുന്ന ഒരു ബജറ്റാവാന്‍ സാധ്യത തുലോം കുറവായതിനാല്‍ ബാലന്‍സ്ഡ് ആയിട്ടായിരിക്കും തുക വകയിരുത്തുന്നത്.
ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് റവന്യു കമ്മിയും ധനകമ്മിയും കുറയ്ക്കാന്‍ നടപടികള്‍ ഉണ്ടാകും( എല്ലാ തവണയും ആവര്‍ത്തിക്കുന്ന ഒരു നടപടി, പക്ഷെ ഫലം മാത്രം കാണുന്നില്ല) . സര്‍ക്കാരിനുള്ള ചെലവുകള്‍ റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നതിനാല്‍ ചെലവ് വെട്ടി ചുരുക്കാന്‍ നടപടികള്‍ ഉണ്ടാകും, വിദേശ യാത്രകള്‍ വെട്ടി കുറയ്ക്കുകയോ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവ് വരുത്തുകയോ ഭരണ ചെലവുകള്‍ കുറയ്ക്കുകയോ ചെയ്യാം.
മലയാളത്തിന് ക്ലാസിക്കല്‍ പദവി ലഭിക്കാന്‍ പോകുന്നതിനാലും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മലയാള ഭാഷാ അറിവ് നിര്‍ബന്ധമാക്കിയിരിക്കുന്നതിനാലും ഇത്തവണ ബജറ്റ് അവതരണം മലയാളത്തില്‍ ആയിരിക്കും. ബജറ്റില്‍ ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടും എന്ന് കാത്തിരിക്കാം
*******
സംസ്ഥാന ബജറ്റില്‍ വകുപ്പുകള്‍ക്കായി പണം വകയിരുത്തുമ്പോള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ലാതെയിരുന്നെങ്കില് എന്ന് ആശിച്ചു പോകുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗതി നിശ്ചയിക്കുന്നത് ഗ്രൂപ്പുകളാണല്ലോ