തിരുവനന്തപുരം: സംസ്ഥാനത്തു 10 മദ്യഷോപ്പുകൾ കൂടി തുറന്നു. ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡും 5 വീതമാണു തുറന്നത്. 15 ഷോപ്പുകൾ കൂടി ഈ വർഷം തുറക്കും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കാനും ബവ്റിജസ് കോർപറേഷൻ ശുപാർശ ചെയ്ത 175 പുതിയ ഷോപ്പുകൾ ആവശ്യാനുസരണം തുടങ്ങാനും 2022 മേയിൽ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമാണു നടപടി.
കാലങ്ങൾക്കുശേഷമാണ് ഒരുവർഷം ഇത്രയധികം മദ്യഷോപ്പുകൾ ഒരുമിച്ചുതുറക്കുന്നത്. ഈ വർഷം നാൽപതോളം ബാറുകൾക്കും ലൈസൻസ് നൽകി. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ബവ്കോയും പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശ്ശേരി എന്നിവിടങ്ങളിൽ കൺസ്യൂമർഫെഡുമാണു പൂട്ടിപ്പോയ ഷോപ്പുകൾ തുറന്നത്.
2016ൽ ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ 29 ബാറും 306 ബവ്കോ ഔട്ട്ലറ്റുമാണുണ്ടായിരുന്നത്. 440 ബാർ ലൈസൻസ് സർക്കാർ പുതുക്കിനൽകി. ഇതിനുപുറമേയാണ് 250ലേറെ പുതിയ ലൈസൻസ് ആറരവർഷത്തിനിടെ കൊടുത്തത്. 720ൽ അധികം ബാറുകളും 300ൽ അധികം ബീയർ പാർലറുകളുമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. നഗരങ്ങളിൽ 91 ഷോപ്പും ഗ്രാമങ്ങളിൽ 84 ഷോപ്പും ഉൾപ്പെട്ട പട്ടികയാണു ബവ്കോ കൈമാറിയിരുന്നത്. ഇതിൽ 10 എണ്ണം കൂടി ബവ്കോ ഉടൻ തുടങ്ങും.