കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ആകെ 10 സ്ഥാനാര്‍ഥികള്‍. പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ആകെ 19 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
വ്യാഴാഴ്ച ഏഴുപേരാണ് വരണാധികാരിയായ ആര്‍ഡിഓ വിനോദ് രാജന്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഇ.ദില്‍ഷാദ് എന്നിവര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. അപരന്മാരില്ല എന്നത് ശ്രദ്ധേയമാണ്. എല്‍ഡിഎഫിനായി സിപിഎമ്മിന്റെ ജെയ്ക് സി. തോമസ്, യുഡിഎഫിനായി കോണ്‍ഗ്രസിന്റെ ചാണ്ടി ഉമ്മന്‍, എന്‍ഡിഎയ്ക്കായി ബിജെപിയുടെ ജി.ലിജിന്‍ ലാല്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. ലൂക്ക് തോമസ്( ആംആദ്മി പാര്‍ട്ടി), ഷാജി ( സ്വതന്ത്രന്), പി.കെ. ദേവദാസ് (സ്വതന്ത്രന്), സന്തോഷ് ജോസഫ്(സ്വതന്ത്രന്) , ഡോ. കെ. പദ്മരാജന്( സ്വതന്ത്രന്) എന്നിവരാണ് പത്രിക സമര്‍പ്പിച്ച മറ്റ് സ്ഥാനാര്‍ഥികള്‍.
ജെയ്ക്കിന് പുറമേ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, ലിജിന്‍ ലാലിന് പുറമേ മഞ്ജു എസ്. നായര്‍ എന്നിവര്‍ ഡമ്മി സ്ഥാനാര്‍ഥികളായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് ഡമ്മി സ്ഥാനാര്‍ഥി ഇല്ല. കഴിഞ്ഞദിവസം കൊടുത്ത പത്രികയില്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമാകാത്തതിനാല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് പത്രിക പുതുക്കി നല്കി. ഒരു കേസിന്റെ വിവരം ചേര്‍ക്കാന്‍ വിട്ടുപോയതാണ് പുതുക്കിനല്കാന് കാരണം.
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിനാണ് ഫലം പുറത്തുവരിക.