വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥിയുടെ ദുരൂഹമരണത്തിൽ പ്രതികൾക്കെതിരെ നടപടി. സിദ്ധാർഥിനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ പഠനവിലക്ക് ഏർപ്പെടുത്താൻ കോളജിൽ ഇന്ന് ചേർന്ന ആൻ്റി റാഗിങ് കമ്മിറ്റി തീരുമാനമെടുത്തു. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് സിദ്ധാർഥിന്റെ വീട് സന്ദശിച്ച ശേഷം സർവകലാശാല വി.സിയും പറഞ്ഞു.
സിദ്ധാർഥിന്റെ മരണത്തിൽ പതിനൊന്ന് പേർ പിടിയിലായതോടെ ഒളിവിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. ഇവർ ഉടൻ പിടിയിലാകുമെന്നും കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രത്യേക അന്വേഷണസംഘം പറയുന്നു. മർദനവിവരം അറിയാൻ വൈകിയെന്നും അറിഞ്ഞയുടൻ നടപടിയെടുത്തെന്നുമാണ് വിശദീകരണം തേടിയ സർവകലാശാല രജിസ്ട്രാർക്ക് ഡീൻ ഡോ.എം.കെ.നാരായണൻ നൽകിയ മറുപടി.കോളജിന്റേത് ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടിയാണെന്നും കോളജ് ഡീനിനെ പുറത്താക്കണമെന്നും വിവിധ വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു.