പ്രകൃതിദത്തമായ ഗുണ വിശേഷങ്ങള്‍ കൊണ്ട് എണ്ണമറ്റ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച, ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം.
ജന്മിത്വത്തിന്റെയും ജാതിവ്യവസ്ഥയുടെയും അയിത്തങ്ങളുടെയും നിരക്ഷരതയുടെയും ഒരു നാട്, പരിമിതമായ വര്‍ഷങ്ങളുടെ പരിണാമങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക പുരോഗതി വിസ്മയാവഹമാണ്. കേരളത്തിന്റെ സമസ്ത മേഖലകളെയും ഉണര്‍വ്വിന്റെ പാതയിലേക്ക് എത്തിക്കാന്‍ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കലാ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്കു നിസ്തുലമാണ്. പ്രധാന തൊഴില്‍ മേഖലകളായ കൃഷിയില്‍ നിന്നും പൊതുമേഖലാ തൊഴിലിടങ്ങളില്‍ നിന്നും സ്വകാര്യ വ്യവസായങ്ങളുടെ മാര്‍ഗ്ഗം സ്വീകരിക്കുന്നതില്‍ കേരളം വേണ്ടത്ര ഉത്സാഹം കാണിച്ചിട്ടുണ്ട് എന്ന് ഇന്ന് കാണുന്ന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ മനസിലാക്കാവുന്നതാണ്. ഏറെക്കുറെ ഇരുണ്ട ഒരു ഭൂതകാലത്തില്‍ നിന്നും പ്രകാശപൂരിതമായ ഭാവിയിലേക്കുള്ള യാത്രയ്ക്കിടയില്‍ എവിടെയൊക്കെയോ നമ്മുക്ക് തെറ്റുന്നു എന്നാണു സമകാലീന സംഭവ വികാസങ്ങള്‍ കാണിക്കുന്നത്.
മേല്‍ സൂചിപ്പിച്ചത് പോലെ, കൃഷിയിലും പൊതുമേഖലയിലും ഉപജീവനവും വരുമാനവും കണ്ടെത്തിയ ഒരു സമൂഹത്തിലേക്കു ലോകത്തിന്റെ മാറ്റങ്ങള്‍ വളരെ വലിയ അളവില്‍ എത്താന്‍ തുടങ്ങിയത് തൊണ്ണൂറുകളുടെ ആരംഭം മുതലാണ് ഏന് തോന്നുന്നു. കൂടുതല്‍ പേര്‍ക്ക് തൊഴിലുകള്‍ ഉണ്ടായി, ജീവിത നിലവാരം ഉയര്‍ന്നു തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ആവുമെങ്കിലും ഏറ്റവും അടിസ്ഥാനപരമായ ചില വിഷയങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടാവുന്നില്ല എന്നും അത് സമൂഹത്തിന്റെ പൊതുസ്വഭാവത്തില്‍ പല അവസരങ്ങളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു എന്നതും ചിന്തിക്കേണ്ട വിഷയങ്ങള്‍ ആണ്. നമ്മുടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ ഇന്നും നിലനില്‍ക്കുന്ന ചില ദുഷിച്ച പ്രവണതകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പതിവില്ലാത്ത വിധം കേരളം ജാതി ചിന്തകളുടെ പിടിയില്‍ അകപ്പെടുന്നു എന്നത് ഭയപ്പെടുത്തുന്ന ഒരു തിരിച്ചറിവാണ്. സമൂഹത്തില്‍ വ്യക്തമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ആണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണകൂടം ചെയ്യുന്നത്. സാംസ്കാരികമായി നാം നേടിയ സകല ഉന്നതികളെയും കാറ്റില്‍ പറത്തുന്ന സംഭവങ്ങള്‍ ആണ് നമ്മുടെ മാധ്യമങ്ങള്‍ ദിവസവും നമുക്ക് മുന്നില്‍ എത്തിക്കുന്നത്.
കേവലം വ്യക്തിപരമായ താല്‍പ്പര്യങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തി അനുവദിച്ചു കൊടുക്കുന്ന വളരെ ചെറിയ കാര്യങ്ങളില്‍ നിന്നുമാണ്, പിന്നീട് ഒരു അര്‍ബുദം പോലെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന പല പ്രവണതകളും രൂപപ്പെടുന്നത്. മതേതരത്വം എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും എല്ലായിടത്തും മതവും ജാതിയും തിരക്കുന്ന രീതിയിലെ ശരിയും തെറ്റും ഒക്കെ നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം. എന്നാല്‍ ഇന്ന് ജാതിയുടെയും മതത്തിന്റെയും പേരില്‍ നമ്മള് അനുഭവിക്കുന്ന ഭീകരതകള്‍ ഒരിക്കലും കണ്ടില്ലെന്നു നടിക്കാന്‍ ദേശസ്നേഹമുള്ള ആര്‍ക്കും കഴിയില്ല. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും മത വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ പൈശാചികമായ ആക്രമങ്ങള്‍ നടക്കുകയും നിരപരാധികളായ അസംഖ്യം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തത് നമുക്കെല്ലാം അറിയാം. അപ്പോഴും കേരളത്തില്‍ നിന്ന് മാത്രം അത്തരം വാര്‍ത്തകള്‍ വിരളമായിരുന്നു. എന്നാല്‍ തിരിശ്ശീലക്ക് പുറകില്‍ നിശ്ശബ്ദമായ പടയൊരുക്കങ്ങള്‍ നടക്കുകയായിരുന്നു എന്ന് നമ്മള് തിരിച്ചറിഞ്ഞത് മാറാട് കലാപം നടന്നപ്പോള്‍ ആണ്. അത് സംഭവിക്കാന്‍ വിരലുകള്‍ വിദേശത്ത് നിന്ന് വരെ നീണ്ടു വന്നു എന്നും മറ്റുമുള്ള ആരോപണങ്ങള്‍ നമ്മള് കേട്ടു. പിന്നീടങ്ങോട്ട്, ഭരണകൂടത്തിന്റെ ഇടപെടലുകള്‍ കൊണ്ട് ഇത്തരം തുടക്കങ്ങള്‍ മുനയൊടിഞ്ഞു പോകുന്ന കാഴ്ചയല്ല നമ്മള് കണ്ടത്.
അധികാരം നിലനിര്‍ത്താന്‍ വേണ്ടി ജാതിക്കും മതത്തിനും സമുദായങ്ങള്‍ക്കും ആനുപാതിക പരിഗണനകള്‍ കൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അരയും തലയും മുറുക്കി മുന്നോട്ടു വന്നപ്പോള്‍ എല്ലാവര്ക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന ജനവിഭാഗം ആണ് നിസ്സഹായരായത്.
കേരളത്തിലെ സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ മതങ്ങളുടെ നുഴഞ്ഞു കയറ്റം ഇന്ന് വളരെ വ്യക്തമാണ്. ഉന്നത വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരെ പോലും വിദഗ്ദമായി സ്വാധീനിച്ചു തങ്ങളുടെ ആശയങ്ങളുടെ അനുഭാവികള്‍ ആക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നു എന്ന് അറിയുമ്പോള്‍ ആണ് ഈ ആധുനിക യുഗത്തിലും മതത്തിന്റെ സ്വാധീനം എത്ര ആഴത്തിലാണ് എന്ന് നമ്മള് വിസ്മയിക്കുന്നത്. പക്ഷെ, അതാണ് യാഥാര്‍ത്ഥ്യം എന്ന് മനസ്സിലാക്കി പൊതു സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൈപ്പടം അറ്റുപോയ അധ്യാപകനില്‍ നിന്നും കാര്യങ്ങള്‍ മൂക്ക് ഇളകിപ്പോയ സാഹിത്യകാരന്റെ ശില്‍പ്പത്തില്‍ വരെ എത്തി നില്ക്കുന്നു. എണ്ണം പറഞ്ഞ സാംസ്കാരിക നായകന്മാര് ഒക്കെ എവിടെ ? ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ അപകടകരമാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നത് ന്യൂനപക്ഷ വിരുദ്ധമാകുമോ, തങ്ങളുടെ മതേതര ഇമേജിനെ നശിപ്പിക്കുമോ എന്നൊക്കെയുള്ള ഭയം വസ്തുതകള്‍ മനസ്സിലാക്കിയിട്ടും പ്രതികരിക്കുന്നതില്‍ നിന്നും പൊതുസമൂഹ പ്രതിനിധികളെ തടയുകയാണോ ? എന്തായാലും പ്രിയപ്പെട്ട മലയാളികളെ, നിങ്ങള്‍ അപകടകരമായ ഒരു സമൂഹ്യസ്ഥിതിയുടെ ആരംഭത്തില്‍ ആണ്. ഇനിയും പിന്തിരിഞ്ഞു നടക്കാവുന്ന ഒരു ബിന്ദുവില്‍. നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. നാളെ ഇതിന്റെ സകല ഭവിഷ്യത്തുകളും അനുഭവിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ ആയിരിക്കും. അവര്‍ക്ക് വേണ്ടിയെങ്കിലും നമ്മള് പ്രതികരിക്കണം. ജാതിയും മതവും നമ്മളെ, നമ്മുടെ സ്വാതന്ത്ര്യങ്ങളെ, നമ്മുടെ അവകാശങ്ങളെ നിയന്ത്രിക്കാന്‍ ഒരിക്കലും അനുവദിച്ചു കൂടാ. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍, കേരളം ദൈവത്തിന്റെ പോയിട്ട് മലയാളിയുടെ പോലും സ്വന്തം നാട് അല്ലാതാകും.