KOCHI 2017 JUNE 03 : Sreeram Venkitaraman IAS . Scene from Manorama news TV conclave at Kochi @ Josekutty Panackal
മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മനപൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷണല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
അലക്ഷ്യമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമുള്ള കേസ് ശ്രീറാമിനെതിരെ നിലനില്‍ക്കുന്നുണ്ട്. വഫയ്ക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണുണ്ടാകുക. പ്രതികളുടെ വിടുതല്‍ ഹര്‍ജികളില്‍ വിധി പറയുന്നതിനിടെയാണ് വഫയെയും ശ്രീറാമിനെയും കൊലക്കുറ്റത്തില്‍ നിന്ന് കോടതി ഒഴിവാക്കിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നുമാണ് കോടതിയില്‍ ശ്രീറാം വാദിച്ചിരുന്നത്.
2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡില്‍ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം.ബഷീര്‍ മരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് അമിതമായി മദ്യപിച്ചശേഷം അതിവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പൊലീസ് കേസ്.