തിരുവനന്തപുരം: വിവാഹിതയാകാനെത്തിയപ്പോൾ കാമുകന്റെ അടുത്തുനിന്നും പൊലീസ് പിടിച്ചു കൊണ്ടുപോയ യുവതിക്ക് നാളെ വിവാഹം. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം പോകാൻ അനുവദിച്ചതോടെയാണ് വിവാഹത്തിനുള്ള കളമൊരുങ്ങിയത്.
കോവളം കെഎസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പൂരാൻ ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ടാണ് നാടകീയ സംഭവങ്ങളുണ്ടായത്.കായംകുളം സ്വദേശിനിയായ അൽഫിയ എന്ന യുവതി കോവളം കെഎസ് റോഡ് സ്വദേശി അഖിലുമായി പ്രണയത്തിലായിരുന്നു. അഖിലിനൊപ്പം ജീവിക്കാനായി ആൽഫിയ ഈ ആഴ്ചയാണ് കോവളത്ത് എത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ഇരുവരുടെയും വീട്ടുകാർ കോവളം പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു.വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നു.തുടർന്ന് യുവതിയെ അവരുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിച്ചിരുന്നു.
ശനിയാഴ്ചയാണ് കായംകുളം പൊലീസ് സ്റ്റേഷനിൽ കാണാനില്ലെന്ന പരാതി നൽകിയത്. വിവാഹത്തിനായി ക്ഷേത്രത്തിൽ എത്തിയ വേളയിൽ, വീട്ടുകാർക്കൊപ്പമെത്തിയ കായംകുളം പൊലീസ് സംഘം യുവതിയെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ട് പോയി.കാമുകനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതിയെ പൊലീസ് സംഘം കായംകുളത്തേക്ക് കൊണ്ട് പോകുകയായിരുന്നു. തുടർന്ന് കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ ആൽഫിയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് കൊണ്ടുപോയത്. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.
കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു. കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്റെ വീട്ടിലെത്തിച്ചപ്പോൾ ആൽഫിയ അഖിലിനൊപ്പം പോകണമെന്ന് വ്യക്തമാക്കി. ഈ സമയത്ത് അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ മജിസ്ട്രേറ്റ് പരാതി തീർപ്പാക്കി. കായംകുളം പൊലീസിന്റെ നടപടിക്കെതിരെ അഖിൽ കോവളം പൊലീസിൽ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് അഖിലും ആൽഫിയയും തമ്മിൽ പരിചയപ്പെട്ടത്.