ബംഗളൂരു : കാമിയോ ഇന്നിങ്സിനു പിന്നാലെ ഉജ്ജ്വല സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിളങ്ങിയെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു ഏഴ് കളിയില്‍ രണ്ടാം തോല്‍വി. റെയില്‍വേസാണ് കേരളത്തെ വീഴ്ത്തിയത്. 18 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി.
തോറ്റെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട സഞ്ജുവിന് സെഞ്ച്വറി നല്കുന്ന ഊര്‍ജ്ജം ചെറുതല്ല. കേരളം വന്‍ തകര്‍ച്ചയിലേക്ക് പോകുമ്പോഴായിരുന്നു ക്യാപ്റ്റന്റെ നിര്‍ണായക ഇന്നിങ്സ്.
റെയില്‍വേസ് ആദ്യം ബാറ്റ് ചെയ്തപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. മറുപടി പറഞ്ഞ കേരളത്തിനു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
സഞ്ജു 139 പന്തുകള്‍ നേരിട്ട് 128 റണ്‍സെടുത്തു. എട്ട് ഫോറും ആറ് സിക്സുകളും തൂക്കി. ശ്രേയസ് ഗോപാല്‍ 53 റണ്‍സെടുത്ത് ക്യാപ്റ്റനെ പിന്തുണച്ചു. ഓപ്പണര്‍ കൃഷ്ണപ്രസാദ് 29 റണ്‍സും എടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല. മൂന്ന് പേര് സംപൂജ്യരായി മടങ്ങി.
റെയില്‍വേസിനായി രാഹുല്‍ ശര്‍മ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഹിമാന്‍ഷു സംഗ്വാന് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസിനായി യുവരാജ് സിങ് 121 റണ്‍സെടുത്തു പുറത്താകാതെ നിന്നു. പ്രഥം സിങ് 61 റണ്‍സും ക്യാപ്റ്റന്‍ ഉപേന്ദ്ര യാദവ് 31 റണ്‍സും കണ്ടെത്തി.
കേരളത്തിനായി വൈശാഖ് ചന്ദ്രന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബേസില്‍ തമ്പി, അഖിന് സത്താര്‍, അഖില്‍ സ്കറിയ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.