മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർഥ എൻസിപിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഇതോടെ എൻസിപി സ്ഥാപക നേതാവായ ശരത് പവാറിന് പാർട്ടിയും തെരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്കും നഷ്ടമായി. പുതിയ പേരും ചിഹ്നവും നിർദേശിക്കാൻ ശരത് പവാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
ആറ് മാസത്തിനിടെ പത്ത് തവണ വാദം കേട്ടശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് അജിത് പവാർ വിഭാഗത്തെ യഥാർഥ എൻസിപിയായി പ്രഖ്യാപിച്ചത്. 2023 ജൂലൈയിലാണ് എൻസിപിയിൽ പിളർപ്പുണ്ടായത്. പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് ഇരു വിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ അവകാശവാദമുന്നയിച്ചിരുന്നു. ആസന്നമായ രാജ്യസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ശരദ് പവാറിന്റെ പുതിയ രാഷ്ട്രീയ രൂപീകരണത്തിന് പേരിടാൻ തെരഞ്ഞെടുപ്പ് പാനൽ പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്. എൻസിപി പിളർത്തിയാണ് അജിത് പവാർ എൻഡിഎയ്ക്കൊപ്പം ചേർന്ന് മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായത്.