കൊച്ചി : മൂന്നാർ ദേശീയപാത 85ന്റെ ഭാഗമായ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകൾക്ക് 30 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കാനുള്ള നടപടിയുടെ ഭാഗമായി അതിർത്തിതിരിച്ചുള്ള കല്ലിടൽ ഉടൻ ആരംഭിക്കും. സ്ഥലമേറ്റെടുക്കാനുള്ള 3 (എ) വിജ്ഞാപനം കഴിഞ്ഞദിവസം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. സ്ഥലം വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാര വിതരണം കല്ലിടൽ പൂർത്തിയായാൽ ഉടൻ തുടങ്ങും.
മൂവാറ്റുപുഴ ബൈപാസിനായി 4.30 കിലോമീറ്ററും കോതമംഗലം ബൈപാസിനായി 3.80 കിലോമീറ്ററുമാണ് ദേശീയപാത അതോറിറ്റി സ്ഥലമേറ്റെടുക്കുക. കനേഡിയൻ സെൻട്രൽ സ്കൂൾ ഭാഗത്തുനിന്ന് ആരംഭിച്ച് ഭക്ത നന്ദനാർ ക്ഷേത്രം പരിസരത്ത് അവസാനിക്കുന്നതാണ് മൂവാറ്റുപുഴ ബൈപാസിന്റെ അലൈൻമെന്റ്. അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്തുനിന്ന് തുടങ്ങി ആലുങ്കൽ റബർ നഴ്സറി ഭാഗത്ത് അവസാനിക്കുന്നതാണ് കോതമംഗലം ബൈപാസിന്റെ അലൈൻമെന്റ്.ആക്ഷേപമുള്ളവർക്ക് 29നകം നോർത്ത് പറവൂരിലുള്ള സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ (ദേശീയപാത), എറണാകുളം- 683513 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ഇ-മെയിലിലൂടെയോ പരാതികൾ നൽകാം.
കോതമംഗലം, മൂവാറ്റുപുഴ പട്ടണങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നരപ്പതിറ്റാണ്ടിലേറെയായി പരിഗണനയിലുള്ള പദ്ധതിയാണിത്. പദ്ധതിക്കായി ദേശീയപാത അതോറിറ്റി മൂന്ന് അലൈൻമെന്റുകളാണ് പരിഗണിച്ചത്. ആദ്യ അലൈൻമെന്റ് പൂർണമായി ഉപേക്ഷിക്കാതെ പുതുക്കിയ അലൈൻമെന്റാണ് അംഗീകരിച്ചത്.