കൊച്ചി : സന്തോഷ് ട്രോഫിയിൽ കളിക്കാരനായും കോച്ചായും കേരളത്തിന് കിരീടം സമ്മാനിച്ച ടി.എ. ജാഫർ അന്തരിച്ചു. 1973 കൊച്ചിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ഉപനായകാനായിരുന്നു ജാഫർ.
1992 കോയമ്പത്തൂരിലും 1993 ൽ കൊച്ചിയിലും തുടർച്ചയായി കേരളം കിരീടം നേടുമ്പോൾ പരിശീലക സ്ഥാനത്തും ജാഫർ തന്നെ.
1974 ജലന്ധർ സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ നായകസ്ഥാനവും ഈ പ്രീമിയർ ടയേഴ്സ് താരം അലങ്കരിച്ചു. 1973 ലെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിൻ്റെ അൻപതാം വാർഷികത്തിന് രണ്ടുദിവസം മാത്രം ബാക്കിയിരിക്കെയാണ് ടീമിൻ്റെ നെടുംതൂണുകളിൽ ഒരാളായ ജാഫർ വിടവാങ്ങുന്നത്.
1969 ലെ നൗഗോംഗ് സന്തോഷ് ട്രോഫിയിൽ ജാഫർ ആദ്യമായി സംസ്ഥാനത്തിന് കളിച്ചു. 75 ലെ കോഴിക്കോട് നാഷണൽസ് വരെ ടീമിൽ സ്ഥിരക്കാരൻ. ശ്രീലങ്ക, ബംഗളൂരു, കൊല്ലം എന്നിവിടങ്ങളിൽ നടന്ന പെന്റാങ്കുലർ ടൂർണമെന്റുകളിലും കൊച്ചിയിലെ പ്രദർശന മത്സരത്തിൽ ജർമ്മനിയെ നേരിട്ട ഇന്ത്യൻ ടീമിലും കളിച്ചു.