ന്യൂഡല്‍ഹി : ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎന് ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ മഹുവ കുറ്റക്കാരിയെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചതിന് പിന്നാലെ തന്നെ പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബെഞ്ച് കേസ് ഫയലുകള്‍ പരിശോധിച്ചിട്ടില്ലെന്നും അതിന് ശേഷം വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിങ്വിയാണ് മഹുവക്ക് വേണ്ടി ഹാജരായത്.
അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്ശന് ഹിരനനന്ദാനി മഹുവയ്ക്കു പണം നല്‍കിയെന്നാണ് ആക്ഷേപം. അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ചോദ്യങ്ങള്‍ ഉന്നയിച്ചതായി ഹിരനന്ദാനി സത്യവാങ്മൂലത്തില്‍ സമിതിയെ അറിയിച്ചിരുന്നു. മഹുവയുടെ പാര്‍ലമെന്ററി ഐഡി വിദേശത്തുനിന്ന് ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഡിസംബര്‍ 8 ന്, പാനല്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി ലോക്സഭയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കുകയും സഭ ശബ്ദവോട്ടിലൂടെ അംഗീകരിക്കുകയുമായിരുന്നു.
നിശ്ചിത സമയപരിധിയോടെ കൃതമായ അന്വേഷണം ആരംഭിക്കണമെന്നും ലോക്സഭാ എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെ മൊയ്ത്രയ്ക്കെതിരെ നല്കിയ പരാതിയില്‍ എത്തിക്സ് കമ്മിറ്റി ചെയര്മാന് വിനോദ് കുമാര്‍ സോങ്കര്‍ സമിതിയുടെ ആദ്യ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചിരുന്നു. കേസില്‍ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.