കോഴിക്കോട് : ലഹരി സംഘവുമായി അടുത്ത ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
താമരശേരി അമ്പലമുക്കില്‍ ലഹരി മാഫിയ ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം രജിലേഷ് നില്ക്കുന്ന ഫോട്ടോകൾ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ താമരശേരി പോസ്റ്റ് ഓഫീസിന് സമീപം ലഹരി വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അതുലിനൊപ്പം നില്ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ഇതേതുടർന്ന് സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കി താമരശേരി ഡിവൈഎസ്പി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രജിലേഷിനെ സസ്പെന്റ് ചെയ്തത്.