ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ ഹര്‍ജി കോടതി തള്ളി.മക്കളുടെ വിവാഹം, ആരോഗ്യകാരണങ്ങള്‍, കൃഷിയുടെ കൊയ്ത്തു സമയം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികള്‍ കോടതിയെ സമീപിച്ചത്. ജസ്റ്റീസ് ബി.വി.നാഗരത്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതികളുടെ ആവശ്യങ്ങളില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളെ വെറുതേ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി നേരത്തേ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇവരോട് രണ്ടാഴ്ചയ്ക്കകം ജയില്‍ അധികൃതരുടെ മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു.ഇതിനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്ന് കാട്ടി ഇവര്‍ കോടതിയെ സമീപിച്ചത്.