കൽപ്പറ്റ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് 49 വർഷം കഠിന തടവും 2.27 ലക്ഷം രൂപ പിഴയും ശിക്ഷ . മുട്ടിൽ പരിയാരം ആലംപാറ വീട്ടിൽ എ പി മുനീറിനെയാണ് (29) കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ ആർ സുനിൽകുമാർ ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രതി പരിചയപ്പെട്ട് സ്നേഹം നടിച്ച് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് കുട്ടിയുടെ നഗ്ന ഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും വീട്ടിലേക്ക് വിളിച്ചുവരുത്തി വീണ്ടും ലൈംഗികാതിക്രമം നടത്തി. കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ അന്നത്തെ ഇൻസ്പെക്ടർ എസ്എച്ച്ഒ പി പ്രമോദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി ബബിത ഹാജരായി.