തൃശൂർ: ഏങ്ങണ്ടിയൂരിലെ വിനായകന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്. തൃശൂർ എസ്.സി. എസ്.ടി കോടതിയാണ് ഉത്തരവിട്ടത്. പൊലീസ് മർദനത്തിന് പിന്നാലെയാണ് വിനായകന്റെ മരണമെന്ന് ചൂണ്ടിക്കാട്ടി വിനായകന്റെ അച്ഛൻ നൽകിയ പരാതിയിലാണ് നടപടി.
കേസിൽ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നില്ല. ക്രൈംബ്രാഞ്ചാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താതെയായിരുന്നു കുറ്റപത്രം സമർപ്പിച്ചത് ഇതിനെതിരെയാണ് വിനായകന്റെ പിതാവ് ഹരജി നൽകിയത്. 2017 ജൂലൈയിലായിരുന്നു വിനായകന്റെ മരണം. 19 വയസ് മാത്രമായിരുന്നു മരണസമയത്ത് വിനായകന്റെ പ്രായം. ഒരു സുഹൃത്തിനൊപ്പം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയത് വിനായകനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇത് പൊലീസിന്റെ പീഡനത്തെത്തുടർന്നാണെന്ന് പിന്നീട് ബന്ധുക്കൾ ആരോപിച്ചു.
വിനായകന് ജനനേന്ദ്രയത്തിലടക്കം മർദനമേറ്റതായി വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഈ സഹാചര്യത്തിൽ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. തുടർന്ന് വിനായകന്റെ പിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.