ഇന്ന് – 08 മാര്‍ച്ച് – ലോക വനിതാ ദിനം. ലോകമെമ്പാടും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവയെ പ്രതിരോധിക്കാനും ഇല്ലായ്മ ചെയ്യാനും ഭരണകൂടത്തോടും ജനങ്ങളോടും ഉള്ള ആഹ്വാനമായാണ് ഇന്ന് സ്വാഭാവികമായും ഈ ദിനം ആചരിക്കപ്പെടുന്നത്.
പുരുഷമേധാവിത്വം എന്ന് പരക്കെ വിമര്‍ശിക്കപ്പെടുന്ന, കാലാകാലങ്ങളായി ശീലിച്ചും ജീവിച്ചും പോന്ന ഒരു രീതിയുടെ പിന്തുടര്ച്ചക്കാര് ആണ് നമ്മള്. സ്ത്രീയും പുരുഷനും സഹജമായ വ്യക്തിത്വവും അസ്തിത്വവും കൊണ്ട് തന്നെ തികച്ചും വ്യത്യസ്തങ്ങളായ മനുഷ്യ ജീവികള്‍ ആണെന്ന വസ്തുത നിസ്തര്‍ക്കമായ കാര്യമാണ്. ഇതിനെ പ്രത്യക്ഷമായോ പരോക്ഷമായോ അറിഞ്ഞും അംഗീകരിച്ചും ജീവിച്ച നിരവധി ആളുകളുടെ ജീവിതങ്ങള്‍ ആണ് ഇന്നത്തെ സമൂഹത്തെ കെട്ടുറപ്പോടെ നിലനിര്‍ത്തുന്നത് എന്നതും വസ്തുതയാണ്. എങ്കിലും, സഹകരണത്തിന്റെയും പരസ്പര സഹായത്തിന്റെയും ക്രിയാതമാകമായ ജീവിതം വിട്ടു, സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും താല്‍പ്പര്യങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും, വികാരവിചാരവിവേകങ്ങള് ഉള്ള വ്യക്തികള്‍ എന്ന് പരസ്പരം ബഹുമാനിക്കാതിരിക്കുന്നതും ജീവിതത്തെ വെറും യാന്ത്രികമാക്കി. മനുഷ്യന് കൃഷിയില്‍ നിന്നും ക്രമേണ അകന്നു അവന്റെ ജീവിതത്തെ പൂര്‍ണ്ണമായും വ്യവസായ വത്കരണത്തിന്റെ ഉത്പന്നങ്ങളെ മാത്രം ആശ്രയിച്ചാക്കാന് തുടങ്ങിയ കാലം മുതല്‍ ജീവിതത്തില്‍ ഇത്തരം യാന്ത്രികത പടരാന്‍ തുടങ്ങി എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. പറഞ്ഞു വരുന്നത് ഒരു ജീവി എന്ന നിലയില്‍ പ്രകൃത്യാ ഉള്ള സ്വഭാവവിശേഷങ്ങള്‍ക്ക് പരിഗണന നല്കുന്നതില് വിമുഖത കാണിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ആവണം സഹജീവിയെ ഏതെങ്കിലും വിധത്തില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവും എന്ന ചിന്ത ഒരുപക്ഷെ മനുഷ്യനില്‍ വേരുപിടിക്കാന്‍ തുടങ്ങിയത്. അതെന്തായാലും, എങ്ങിനെയായാലും അതിനു ഏറ്റവും കൂടുതല്‍ ഇരകളായത് സ്ത്രീകളാണ്. ചെറിയൊരു ശതമാനമെങ്കിലും സ്ത്രീകള്‍ ഒരു ഉപജീവനമാര്‍ഗ്ഗം എന്ന നിലയില്‍ ഈയൊരു സാധ്യത സ്വയം മുന്നിട്ടിറങ്ങി ഉപയോഗിക്കുന്നുണ്ട് എന്നതും അവഗണിക്കാന്‍ കഴിയാത്ത കാര്യമാണ്.
ഇന്ന് നമ്മള് കാണുന്ന വിധത്തില്‍ സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ വാണിജ്യ-ഉപഭോഗ സംസ്കാരം വഹിക്കുന്ന പങ്കു വളരെ വലുതാണ്. വിപണി വിപുലീകരണത്തിനും കൂടുതല്‍ ലാഭത്തിനും വേണ്ടി മനുഷ്യന്റെ ജൈവിക ചോദനകളെ ഏറ്റവും ഫലപ്രദമായി ചൂഷണം ചെയ്യാന്‍ ഇക്കൂട്ടര്‍ക്കാകുന്നു. നിര്‍ഭാഗ്യവശാല്‍ ഇതിനു കുടപിടിക്കുന്ന നയപരിപാടികള്‍ ആണ് ഭരണകൂടങ്ങള്‍ക്കും ഉള്ളത്. ഒരു കാലത്ത് ജാതീയമായ അവഗണനകളും അക്രമങ്ങളും ആയിരുന്നു ഇന്ത്യയിലെ സര്‍വ്വസാധാരണമായ അനീതികള്‍ എങ്കില്‍ ഇന്ന് അത് സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ ആയിരിക്കുന്നു. നമ്മുടെ അലസ മനോഭാവങ്ങളെ ഉണര്‍ത്തിയത് ഡല്‍ഹിയില്‍ പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി ആണ്. നീതിക്ക് വേണ്ടി നിരത്തിലിറങ്ങിയ ജനങ്ങള്‍, ജീവനം ദുസ്സഹമാക്കുന്ന അസഹനീയമായ നിലപാടുകള്‍ക്കെതിരെ ഉള്ള മനുഷ്യസമൂഹത്തിന്റെ സ്വാഭാവിക പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. ലോകവ്യാപകമായി നടന്ന പല രാഷ്ട്രീയ സാമൂഹിക ജനമുന്നേറ്റങ്ങളുടെയും ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി അത്. ദേശീയവും അന്തര്‍ദേശീയവും ആയ പല ഭാഷ്യങ്ങളും ചമയ്ക്കാമെങ്കിലും, ആത്യന്തികമായി നമ്മള് ചിന്തിക്കേണ്ട കാര്യം നമ്മുടെ സമൂഹം എങ്ങനെ ഇങ്ങനെ ആയി എന്നതാണ്.
നമ്മുടെ രാജ്യം വൈവിധ്യങ്ങള്‍ കൊണ്ട് പ്രസിദ്ധവും പ്രസക്തവും ആണ്. എങ്കിലും സുശക്തമായ ഒരു ഭരണഘടനാ കൊണ്ട് അവയെ മറികടന്നു സ്വതന്ത്ര പരമാധികാര രാജ്യം എന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകാന്‍ കഴിയുന്നു എന്നത് അങ്ങേയറ്റം അഭിമാനിക്കാവുന്ന കാര്യമാണ്. എങ്കിലും ഇതെല്ലാം കൈകാര്യം ചെയ്യുന്നത് മനുഷ്യര്‍ ആണെന്നത് കൊണ്ട് തന്നെ നിഷ്പക്ഷത പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രായോഗികമല്ലാതെ വരികയും ഭരണഘടനാ വിഭാവനം ചെയ്യുന്ന സുന്ദരമായ രാജ്യം സങ്കല്‍പ്പത്തില്‍ തന്നെ അവശേഷിക്കുകയും ചെയ്യുന്നു. നീതി നിര്‍വ്വഹണത്തിലും തുല്യനീതി നടപ്പിലാക്കുന്നതിലും നമ്മുക്ക് എവിടെയൊക്കെയോ പിഴച്ചു പോകുന്നു. പണവും അധികാരവും തന്നെയാണ് പ്രധാന പ്രതികള്‍. അധികാര സ്ഥാനത് ഇരിക്കുന്ന ഇപ്പോള്‍ നമ്മള് എത്തിനില്‍ക്കുന്ന സാമ്പത്തിക സാമൂഹ്യ അവസ്ഥകളെ വീണ്ടും വിശകലനം ചെയ്തു, കാലഗതിയില്‍ അവയുണ്ടാക്കിയ ദൂഷ്യങ്ങളെ ഇല്ലായ്മ ചെയ്യുക എന്നത് തികച്ചും അപ്രായോഗികമാണ്. നമ്മുടെ കൈയില്‍ ആകെയുള്ള എന്നാല്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനാവുന്നതുമായ ഒരു ആയുധം, നിയമങ്ങളുടെ സുതാര്യവും നിഷ്പക്ഷവുമായ ഉപയോഗം ആണ്. ഏറ്റവും ഒടുവില്‍ സമൂഹ മനസാക്ഷിയെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് ഒരു മൂന്നു വയസ്സുകാരിയെ പിച്ചിച്ചീന്തിയ നരാധമന്മാരെ ഉചിതമായ ശിക്ഷയ്ക്ക് വിധേയരാക്കിയെങ്കിലും നമുക്ക് വരാനിരിക്കുന്ന കുറ്റവാളികള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാം. അതോടെ എല്ലാത്തിനും അവസാനമായി എന്ന് കരുതുന്നത് അബധമാകും. നമ്മള് ജാഗ്രതയുള്ളവര്‍ ആയിരിക്കണം. ഓരോരുത്തരും സ്വയം ചിന്തിക്കണം – എവിടെയാണ്, എങ്ങനെയാണ് കാര്യങ്ങള്‍ നമുക്ക് കൈവിട്ടു പോയത് ? പുതുലോകത്തിന്റെ ശരികള്‍ എന്ന് പറഞ്ഞു സ്വീകരിച്ചു നടപ്പിലാക്കുന്ന കാര്യങ്ങള്‍ എങ്ങെനെയെങ്കിലും നമ്മളെ ദോഷകരമായി ബാധിക്കുന്നുണ്ടോ ? ജനപ്രതിനിധികളില്‍ എത്ര പേര് ശരിയായ നിലപാടുകളില്‍ സ്വീകരിച്ചു തങ്ങളുടെ ജോലികള്‍ ഉത്തരവാദിത്തത്തോടെ ചെയ്യുന്നു ? നിയമവ്യവസ്ഥകള്‍ സുതാര്യമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കുന്നുണ്ടോ ? എല്ലാത്തിനും മുകളില്‍, ഒരു വ്യക്തി എന്ന നിലയില്‍, സമൂഹത്തിലെ ഒരു അംഗം എന്ന നിലയില്‍ നമ്മള് എത്രത്തോളം സത്യസന്ധരും ഉത്തരവാദിത്തം ഉള്ളവരുമാണ് ?
-അഭയ് ജയപാലന്-