സമൂഹത്തെ പൊതുവില്‍ ബാധിക്കുന്ന വിപത്തുകളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം എന്ന നിലക്ക് സജീവമായി ഇടപെടാന്‍ കഴിയാത്ത ഒരു സമൂഹത്തെ ജനാധിപത്യ സമൂഹമായി കാണാന്‍ കഴിയില്ല എന്നു മാതൃഭൂമിയില്‍ കഴിഞ്ഞ ആഴ്ച്ച വായിക്കുകയുണ്ടായി. ഈ സ്റ്റേറ്റ്മെന്റ് ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ആണെങ്കിലും കേരളത്തിലെ സമകാലീന രാഷ്ട്രീയ പരിതസ്ഥിതിയില്‍ (പരിതാപ സ്ഥിതിയെന്നും പറയാം) മേല്പറഞ്ഞ പ്രസ്താവനക്ക് പ്രാധാന്യം ഏറെയുണ്ട്. ഇന്ന് കേരള രാഷ്ട്രീയത്തില്‍, കേരളീയ സമൂഹത്തെ പൊതുവേ ബാധിക്കുന്ന സാമൂഹിക വിപത്തായി വളര്‍ന്നു കൊണ്ടിരിക്കുന്ന ചീഫ് വിപ്പ് പുങ്കവന്റെ വാക്ചാദുര്യത്തില് രാഷ്ട്രീയക്കാര്‍ മാത്രമല്ല പൊതുജനങ്ങളും പൊറുതിമുട്ടി തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഈ സാമൂഹ്യ വിപത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കേരളീയ ജനസമൂഹം ഇനിയും മുന്നോട്ടു വരാത്തതിനാല്‍ മലയാളികള്‍ ജനാധിപത്യ സമൂഹത്തിന്റെ ഭാഗമാണോ എന്ന സംശയം ഉദിക്കുന്നു.
ഞായറാഴ്ച്ച മംഗളം ദിനപത്രത്തില്‍ കേരളം ഭരിക്കുന്ന മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കാമുകിയുടെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്നും പൊതിരെ തല്ലു കിട്ടിയെന്ന് ഒരു വാര്‍ത്ത വന്നു. മന്ത്രിയാരെന്ന് ഒരു സൂചന പോലും പത്രം നല്‍കിയിരുന്നില്ല. ആരുടെയും വ്യക്തി സ്വാതന്ത്രത്തെ ഹനിക്കാനല്ല വാര്‍ത്ത നല്‍കുന്നത്, മാധ്യമത്തിന്റെ സാമൂഹിക പ്രതിബദ്ധത കൊണ്ടാണ് എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. നല്ല കാര്യം ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ പുറത്തു കൊണ്ടു വരിക തന്നെ വേണം.
വാര്‍ത്ത വായിച്ച പി.സി. ജോര്‍ജ്ജിന് പെട്ടെന്ന് ഉള്‍വിളിയുണ്ടായി ഇതു താനല്ലയോ അത്, ഉടനെ മാധ്യമ പ്രവര്‍ത്തകരെ സ്വവസതിയില്‍ വിളിച്ചു കൂട്ടി പറഞ്ഞു. ദേ അവനാണ് ആ വീരന് !!. കാമുകിയുടെ ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് തലോടല്‍ കിട്ടിയത് സിനിമ മന്ത്രി ഗണേഷ് കുമാറിനാണ്. 21 ാം തിയതി നടന്ന സംഭവം താന്‍ 22 ന് തന്നെ അറിഞ്ഞിരുന്നു. പക്ഷെ വെളിപ്പെടുത്തിയില്ല. ഇപ്പോള്‍ കേരള മന്ത്രിസഭയിലെ മറ്റു മന്ത്രിമാരുടെ പേര് കളങ്കപ്പെടാതിരിക്കാനാണ് ഗണേഷിന്റെ പേര് വെളിപ്പെടുത്തുന്നത്. (വെളിപ്പെടാത്ത പേരുള്ള എത്ര മന്ത്രിമാരുണ്ടെന്ന് പി.സി. ജോര്‍ജ്ജ് വ്യക്തമാക്കണം ).
കൂട്ടത്തില്‍ ഒരു പഞ്ച് ഡയലോഗ് കൂടി തട്ടി വിട്ടു. സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ ഉള്‍പ്പെട്ടവര്‍ രാജി വയ്ക്കുകയാണ് പതിവ്. അത് കൊണ്ട് ഗണേഷ് രാജി വയ്ക്കണം. കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പാണ് പുണ്യവാളനായ ഈരാട്ടുപേട്ടക്കാരന് ടിയാന് തന്നെ സൂര്യനെല്ലി പീഡനകേസിലെ ഇരയെ അധിക്ഷേപിച്ച് സംസാരിച്ചതും, കുറ്റാരോപിതനായ പീ.ജെ. കുര്യനെ വൈറ്റ് വാഷ് ചെയ്ത് വെളുപ്പിച്ചതും. പിന്നെ ആരോപണം ഉന്നയിച്ചത് പൂഞ്ഞാര്‍ (കഴുത) പുലി ആയത് കൊണ്ട് ഇരട്ടത്താപ്പ് പുതിയ സംഭവമൊന്നുമല്ല. സ്ത്രീ വിഷയത്തില്‍ ഉള്‍പ്പെട്ടവരെല്ലാം രാജി വെയ്ക്കണമെന്ന നയം കോണ്‍ഗ്രസ് സ്വീകരിച്ചു പോരുകയായിരുന്നെങ്കില് പണ്ട് ഉത്തരാഖണ്ഡ് ഗവര്‍ണറായിരുന്ന കോണ്ഗ്രസുകാരന് എന്‍ഡി തിവാരി മുതല്‍ ഇങ്ങ് കേരളത്തിലെ കുഞ്ഞാലികുട്ടി വരെ കപ്പലണ്ടിയും അണ്ടിപരിപ്പും കൊറിച്ചോണ്ട് വീട്ടില്‍ ഇരുന്നേനെ.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പേ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേ , എംഎല്‍എയെ (ഗണേഷ്) രാജി വെപ്പിക്കാന്‍ കഴിയുന്ന ജീവിക്കുന്ന തെളിവുകള്‍ താന്‍ പുറത്തു വിടുമെന്ന് പി.സി. ജോര്‍ജ്ജ് പറഞ്ഞിരുന്നു. ചീഫ് വിപ്പിന്റെ ആ പ്രസ്താവനയും മംഗളത്തിന്റെ വാര്‍ത്തയും തുലനം ചെയ്ത് നോക്കിയാല്‍ എവിടെയോ എന്തോ ചീഞ്ഞ് നാറുന്നുണ്ട് എന്ന് തോന്നും. മന്ത്രിസഭയിലെ രഹസ്യങ്ങള്‍ അറിയാന്‍ മംഗളം പത്രത്തിന്റെ ജില്ല ബ്യൂറോ ചീഫ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനെ നേരിട്ട് ഫോണ്‍ വിളിക്കുന്നത് ഈയുള്ളവന് അവിടെ ജോലി ചെയ്തപ്പോ കണ്ടിട്ടുള്ളതാക കൊണ്ടും സംശയം വര്‍ധിക്കുന്നു. ഗണേഷ് പറഞ്ഞത് പോലെ പെയ്ഡ് ന്യൂസ് ഒന്നുമല്ലെങ്കിലും ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന നാട്ടു നടപ്പു പ്രകാരമുള്ള ഉപകാര സ്മരണ ആവാനെ തരമുള്ളു.
ഗണേഷിനിട്ട് എയ്യാന്‍ അമ്പുമായി കാത്തിരിക്കുന്ന ബാലകൃഷ്ണപിള്ളയും കേരള കോണ്‍ഗ്രസ് ബി നേതാക്കളും പി.സി. ജോര്‍ജ്ജും തമ്മിലുള്ള സുഹൃത്ത് ബന്ധം എല്ലാവര്ക്കും ബോധ്യമുള്ളതുമാണ്. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേ ഇവന് (ഗണേഷ്) ഇങ്ങേരുടെ മകന് തന്നെയോ (ബാലകൃഷ്ണപിള്ളയേ ചൂണ്ടി) എന്ന് ചോദിച്ച പിസി. ജോര്‍ജ്ജിന് ബാലകൃഷ്ണ പിള്ള നല്കിയ പുഞ്ചിരി മലയാളികള്‍ മറക്കാന്‍ ഇടയില്ല. അന്ന് പുഞ്ചിരി ആയിരുന്നെങ്കില്‍ ഇന്നലെ പിള്ളയുടെ പിള്ളയെ കരിവാരി തേച്ച് വികൃതമാക്കിയതിന് നോട്ട് മാല ഇട്ടു കാണും, പൂഞ്ഞാര്‍ കോളാംബിയുടെ കഴുത്തേല്. എല്ലാ അക്കങ്ങള്‍ തമ്മിലും കൂട്ടിയും കുറച്ചും ഹകരിച്ചും ഗുണിച്ചുമൊക്കെ നോക്കിയാലും ഉത്തരം ഒന്നു തന്നെയായിരിക്കും. അതാണ് കണക്കിന്റെ മായാജാലം.
ഇത്രയും പറഞ്ഞതിന്റെ പൊരുള്‍ ഗണേഷന് മന്ത്രി നിഷ്കളങ്കനാണെന്നല്ല. മന്ത്രി ണേഷും കുലമഹിമയില്‍ ഊറ്റം കൊള്ളുന്ന മന്ത്രിപത്നി യാമിനി തങ്കച്ചിയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങള്‍ ഒരിടക്ക് വാരികകളുടെ ഗോസിപ്പ് കോളങ്ങളുടെ ഇടം കവര്‍ന്നിട്ടുണ്ട്. അതൊന്നും ആരും മറന്നിരിക്കാന്‍ സാധ്യതയില്ല. മന്ത്രിക്ക് രഹസ്യക്കാരി ഉണ്ടാകുക എന്നത് രാഷ്ട്രീയത്തില്‍ പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്. സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരായതിനാല് അവര്‍ നല്ല നടപ്പ് ശീലിച്ചവര്‍ ആയിരിക്കണം എന്നത് അലിഖിത നിയമമാണ്. എന്നാല്‍ മന്ത്രി തുല്യനായ പദവി വഹിക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് അതേ മുന്നണിയിലെ തന്നെ മന്ത്രിയെക്കുറിച്ച് പെണ്ണുപിടിയനാണ് എന്ന് പത്ര സമ്മേളനം വിളിച്ചു കൂട്ടി പുലമ്പുന്നത് ഏതു രാഷ്ട്രീയ മര്യാദയാണ്. മുന്നണി മര്യാദകളുടെ എല്ലാ അതിര് വരമ്പുകളെയും ബേദിച്ച് കേവല രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള വില കുറഞ്ഞ (തറ) പരിപാടിയായി പോയി ജോര്‍ജ്ജ് നടത്തിയത്. പൂഞ്ഞാറ്റില് എല്ലാം വില പോകുമായിരിക്കും കേരളത്തില്‍ മൊത്തത്തില്‍ ഈ ചരക്കിനെ ഇനി എടുക്കുമോ എന്ന് കണ്ടറിയണം.
ഒരു മാധ്യമ സുഹൃത്ത് ഫെയ്സ്ബുക്കില്‍ എഴുതിയിരിക്കുന്നത് കണ്ടു ചീഫ് വിപ്പ് ഇല്ലാത്ത സംസ്ഥാനത്തേക്ക് താമസം മാറ്റിയാലോ എന്ന്. പരമമായ സത്യം. ചീഫ് വിപ്പ് പദവി ഇല്ലാത്ത വരും നാളുകളിലെ ഭരണം നമ്മള് മലയാളികള്‍ക്ക് സ്വപ്നം കാണാം.