തിരുവനന്തപുരം: ക്ഷേമ പെന്ഷന് മുടങ്ങിയതിൽ ചർച്ച ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. അടിയന്തരപ്രമേയം തള്ളിയതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.
സ്പീക്കറുടെ ചേമ്പറിന് മുന്നിലാണ് പ്രതിഷേധിച്ചത്. എന്നാല്‍ ഇത് ഗൗനിക്കാതെ സ്പീക്കർ സഭാനടപടികള്‍ തുടര്‍ന്നതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ മുന്‍ഗണന എന്താണെന്നാണ് തങ്ങളുടെ ചോദ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് മാസമായി പെന്ഷന് മുടങ്ങികിടക്കുന്നു. സ്കൂളില്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്ക് പോലും പണമില്ല.
ഇതിനെല്ലാം ഇടയിലാണ് നവകേരള സദസും കേരളീയവും നടത്തി സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതെന്ന് സതീശന് വിമര്‍ശിച്ചു. അഞ്ച് മാസമായി പെന്ഷന് കിട്ടാതെ ഒരാള്‍ മരിച്ചിട്ട് പോലും അനക്കമില്ലാത്ത സര്‍ക്കാരാണ് ഇത്.പെന്ഷന് കിട്ടാത്തതുകൊണ്ടല്ല ജോസഫ് മരിച്ചതെന്ന് പറഞ്ഞ് ധനമന്ത്രി അദ്ദേഹത്തെ അപമാനിച്ചു. ആര്ഭാടത്തിനും ധൂര്‍ത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്നതെന്നും സതീശൻ വിമർശിച്ചു.