കേരളത്തിന്റെ യാത്രാ സ്വപ്നങ്ങള്‍ക്ക് ചിറകേകി കൊച്ചി മെട്രോയ്ക്കായ് കേന്ദ്ര ബജറ്റില്‍ പണം വകയിരിതത്തിയിരിക്കുന്നു. ഒരു ഘട്ടത്തില്‍ ആരംഭിക്കാന്‍ സാധിക്കുമോ എന്നു പോലും ആശങ്കപ്പെട്ടിരുന്ന പദ്ധതിക്കായി 130 കോടി രൂപയാണ് ചിദംബരം നീക്കി വെച്ചിരിക്കുന്നത്. ഇതില്‍ നൂറു കോടി രൂപ കേന്ദ്രത്തിന്റെ ഓഹരിയായിട്ടാണ് നിക്ഷേപിക്കുന്നത്.
6000 കോടി രൂപയുടെ ഭീമന് പദ്ധതിക്ക് 130 കോടി കൊണ്ട് എന്ത് പ്രയോചനം എന്ന ചോദ്യം പ്രസക്തമാണെങ്കിലും ശുഭസൂചകമായ ആരംഭം എന്ന് കരുതി നമുക്ക് ഇതിനെ സ്വാഗതം ചെയ്യാം. റെയില്ഡവേ ബജറ്റിന് മുന്‍പ് ആര്യാടന് പറഞ്ഞിരുന്നതു പോലെ എന്തെങ്കിലും കിട്ടിയാല്‍ ഭാഗ്യം എന്നെ മലയാളികളും കരുതിയിട്ടുണ്ടാകു. ആ സാഹചര്യത്തില്‍ 130 കോടി കിട്ടിയതില്‍ പെരുത്ത് സന്തോഷം.
കൊച്ചി മെട്രോ റെയിലിന കൂകി കൂകി മുന്നോട്ടു കുതിക്കാന്‍ ഈ പ്രഥമ തുക വകയിരുത്തല്‍ പ്രചോദനം തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന കൊച്ചി മെട്രോക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കഴിഞ്ഞാല്‍ മെട്രോ റെയിലിന്റെ നിര്‍മ്മാണം തുടങ്ങേണ്ടിയിരിക്കുന്നു. അതിന് മുന്‍പായി ചെയ്ത് തീര്‍ക്കേണ്ട ജോലികള്‍ അനേകമാണ്. ടെന്‍ഡര്‍, ധാരണാപത്രങ്ങള്‍, ലേലം, വായ്പ കടമ്പകള്‍ ഏറെ. ഇതെല്ലാം തന്നെ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം എന്നുണ്ടെങ്കില്‍ ിതില് ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രോത്സാഹനം ആവശ്യമാണ്. ബജറ്റില്‍ പണം വകയിരുത്തിയിരിക്കുന്നതിനാല്‍ ഇനി മെട്രോ എന്ന സ്വപ്നം നടക്കാതെ പോകില്ല എന്ന് ബോധ്യമായിട്ടുണ്ട്. നോര്‍ത്ത് പാലത്തിന്റെ പണി പുരോഗമിക്കുമ്പോളും ഇത് പാലം കൊണ്ട് അവസാനിക്കുമോ എന്ന് ആശങ്കപ്പെട്ട പലരേയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട. കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥ് നേരിട്ട് കൊച്ചിയില്‍ പ്രത്യക്ഷനായി പറഞ്ഞിട്ടും ഇന്ത്യയുടെ മിണ്ടാപ്രാണിയായ പ്രധാനമന്ത്രി വന്ന് തറക്കല്ലിട്ടിട്ടും വിശ്വാസമാകാത്തവര്‍ക്ക് ബജറ്റ് പ്രഖ്യാപനം കൊണ്ട് കാര്യങ്ങളുടെ പോക്ക് പിടികിട്ടി തുടങ്ങിയിട്ടുണ്ട്.
കൊച്ചി മെട്രോയുടെ പോലെ ജനകീയമായ മറ്റൊരു പദ്ധതി കേരളത്തില്‍ ഇല്ല എന്നു തന്നെ പറയാം. കേരളത്തില്‍ സാധാരണ നടക്കാറുള്ള സമരങ്ങള്‍ എല്ലാം തന്നെ പദ്ധതികള്‍ വേണ്ട, പദ്ധതികള്‍ പിന്‍വലിക്കണം എന്നൊക്കെ ആഹ്വാനം ചെയ്തിട്ടുള്ളവയാണ്. എന്നാല്‍ ഇന്ന പദ്ധതി ഞങ്ങള്‍ക്ക് വേണം എന്ന് ആവശ്യപ്പെട്ടുള്ള ജനകീയ സമരം കണ്ടത് കൊച്ചി മെട്രോയുടെ കാര്യത്തില്‍ മാത്രമായിരുന്നു. വികസമ വിരോധികള്‍ എന്നു സ്വയം ബാഡ്ജ് കുത്തി നടക്കുന്ന ഇടതുപക്ഷം പോലും സമരത്തില്‍ പങ്കെടുത്തു, അല്ലെങ്കില്‍ സമരത്തിന് നേതൃത്വം നല്കി എന്നു തന്നെ പറയാം. കൊച്ചി മെട്രോക്ക് അനുകൂലമായി സിപിഎമ്മിനെ കൊണ്ട് കൊടി എടുപ്പിച്ചതില്‍ പി. രാജീവ് എംപിക്കും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്റര്‍ക്കുമുള്ള പങ്ക് ചെറുതാണെന്ന് കരുതാന്‍ കഴിയില്ല. സിപിഎമ്മിനെ പോലെ എന്തിനെയും എതിര്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു സംഘടനയില്‍ നിന്ന് ഇത്രയും വലിയ തുക മുതല്‍ മുടക്കുള്ള ഒരു പദ്ധതിക്ക് അനുകൂലമായി നിലപാട് എടുപ്പിക്കുക എന്നത് ദുഷ്കരമായ ദൗത്യം തന്നെയാണ്.
നാം എല്ലാവരും തന്നെ കണ്ടതാണ് കൊച്ചി മെട്രോയുടെ പേരില്‍ പി. രാജീവ് എത്ര വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന്. അതിനുള്ളില്‍ രാഷ്ട്രീയ താല്പര്യങ്ങള് ഉണ്ടായിരുന്നെങ്കില്‍ പോലും മെട്രോ റെയിലിന് അനുകൂലമായി രാജീവ് നീങ്ങി എന്നത് ആദ്യം അത്ഭുതം ഉളവാക്കിയിരുന്നു. കൊച്ചി മെട്രോക്ക് ആപ്പു വെക്കാന്‍ ശ്രമിച്ച ടോം ജോസിന്റെ കൊള്ളരുതായ്മകള്‍ പോലും രാജീവിന്റെ ശ്രമഫലമായി പുറത്തു വന്നു.
ഇത്രയും ജനകീയമായ ഒരു പദ്ധതിയില്‍ നടക്കുന്ന ഓരോ പുരോഗമനങ്ങളും ജനങ്ങളും മാധ്യമങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് എന്നതിനാലാണ് എന്നു കരുതുന്നു, ഇതു വരെയായിട്ടും അഴിമതി ആരോപണവും അന്വേഷണങ്ങളും ഒന്നും സംഭവിക്കാഞ്ഞത്. അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ. പദ്ധതി ജനകീയമാണ് എന്ന തിരിച്ചറിവ് ഉണ്ടായതിനാലാവണം സര്‍ക്കാരിനും കൊച്ചി മെട്രോയുടെ കാര്യത്തില്‍ താല്പര്യമുണ്ട്. ഈ താല്പര്യം പക്ഷെ യൂണിയന് ബജറ്റില്‍ പ്രതിഫലിച്ചു എന്നു പറയുക വയ്യ. കാരണം റെയില്‍വെ ബജറ്റിന്റെ സമയത്ത് യോഗത്തിന് പങ്കെടുക്കാതിരുന്ന എംപിമാരെല്ലാം കൂടി ബജറ്റ് കഴിഞ്ഞ് ബന്‍സലിനെ പോയി കണ്ട് യാചന നടത്തി. കേരളത്തില്‍ എംപിമാരുടെ യോഗം വിളിച്ചപ്പോള്‍ പുച്ഛിച്ചവര് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി പാര്‍ലമെന്റിന് മുന്പില് സമരം നടത്തുകയും കേന്ദ്ര മന്ത്രിയുടെ വസതിയില്‍ യോഗം ചേരുകയും നിവേദനം നല്‍കുകുയും ചെയ്തു. ഇതി റെയില്‍വെ ബജറ്റിന് മുന്‍പ് ചെയ്തിരുന്നെങ്കില്‍ കേരളത്തിന് ഇത്ര അവഗണന നേരിടേണ്ടി വരില്ലായിരുന്നു. ഇത്രയും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന എംപിമാരും കേന്ദ്രമന്ത്രിമാരും അവര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത കൊച്ചി മെട്രോക്ക് വേണ്ടി വാദിച്ചു അല്ലെങ്കില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നൊന്നും വിശ്വസിക്കാന്‍ സാധിക്കില്ല. നേരത്തെ പറഞ്ഞ പോലെ മലയാളികളുടെ ഭാഗ്യം കൊണ്ട് കിട്ടി.
130 കോടി രൂപ ഒന്നിനും പര്യാപ്തമല്ലെങ്കിലും മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ തുക താങ്ങാവും, തീര്‍ച്ച.