മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു. അഞ്ചു പേർക്ക് പരിക്കുണ്ട് . തൃശൂർ ഭാഗത്തു നിന്ന് എത്തിയ കെഎസ്ആര്‍ടിസി ബസും എതിർ ദിശയിൽ വന്ന പിക് അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് പുലർച്ചെ നാലിനായിരുന്നു അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാൻ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി. പിന്നീട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടയിലാണ് ഇയാളെ പുറത്തെടുത്തത്.പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.