മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ കൂടംകുളം ആണവനിലയത്തിനു എതിരായ സമരങ്ങളുടെ സാന്ദ്രത കുറഞ്ഞു തുടങ്ങി. എന്നിരുന്നാലും സമരക്കാര്‍ ഉയര്‍ത്തിയ നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം അധികാരികളില്‍ നിന്നും കിട്ടുന്നില്ല എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. നിലയത്തിന്റെ സുരക്ഷ, ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികളുടെ ഗുണനിലവാരം, ആണവമാലിന്യങ്ങളുടെ ഫലപ്രദമായ സംസ്കരണം തുടങ്ങിയ നിരവധി കാര്യങ്ങളെ അറിയാനുള്ള അവകാശം ഈ രാജ്യത്തെ ഓരോ പൌരനും ഉണ്ട്. കൂടംകുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനവും വൈദ്യുതി ഉത്പാദനവും എത്രയും വേഗം ആരംഭിക്കുമെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിലൂടെ രാഷ്ട്രത്തെ അറിയിച്ചു. പക്ഷെ, ഇന്ധനം നിറയ്ക്കല്‍ പ്രക്രിയ പൂര്‍ത്തിയായി എന്ന് അറിയിച്ച അധികാരികള്‍, പ്രഖ്യാപിച്ച സമയത്ത് ഇനിയും പൂര്‍ത്തിയാക്കാത്ത നിലയത്തിന്റെ കംമീഷനിംഗിനെ കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നു. മാത്രമല്ല സാങ്കേതിക കാലതാമസങ്ങളുടെ പേരില്‍ സമരകാരെ കുറ്റം പറയുകയും ചെയ്യുന്നു. ഇത് വളരെ ദുരൂഹമായ ഒരു വസ്തുതയാണ്. പൊതുജനങ്ങളില്‍ നിന്നും തീര്‍ച്ചയായും ഇവര്‍ എന്തോ മറച്ചു പിടിക്കുന്നു എന്ന് വേണം സംശയിക്കാന്‍.
റഷ്യയിലെ ആണവോര്‍ജ്ജ വകുപ്പാണ് റൊസാറ്റം (ROSATUM). അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ടീം ജനറേഷന് കമ്പനിയാണ് സിയോ പൊദോള്സ്ക് (Zio-Podolsk). പ്രസ്തുത കമ്പനിയുടെ പ്രോക്യൂര്മെന്റ്റ് ഡയറക്ടര്‍ ആയിരുന്ന സെര്‍ജി ഷോടോവ് എന്നയാളിനെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യുകയുണ്ടായി. കമ്പനി നിര്‍മ്മിക്കുന്ന ആണവ നിലയങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ക്ക് വേണ്ടി അംഗീകൃത മാനദണ്ഡം പാലിക്കാത്ത നിലവാരം കുറഞ്ഞ ലോഹങ്ങള്‍ വാങ്ങുകയും അങ്ങനെ കമ്മീഷന് നേടുകയും ചെയ്തു എന്നതാണ് ഇയാള്‍ക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. നമ്മളെ സംബന്ധിച്ച് റഷ്യയുടെ ഈ ആഭ്യന്തര കാര്യം എങ്ങനെ പ്രാധാന്യമുള്ളത് ആകും എന്ന ചോദ്യത്തിന് ഉള്ള ഉത്തരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് ആണ്. കൂടംകുളത്ത്, റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തു ഉപയോഗിക്കുന്ന VVER-1000 എന്ന ആനവ് റിയാക്ടറിന്റെ എല്ലാ ഉപകരണങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് സിയോ പൊദോള്സ്ക് ആണ്. മാത്രമല്ല ഇതേ കമ്പനി വിതരണം ചെയ്ത നിരവധി വാല്‍വുകള്‍ നിലയത്തിന് അകത്തു പണിമുടക്കി എന്ന വിവരവും അധികാരികള്‍ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നു. ആണവനിലയം പോലുള്ള അതീവ സുരക്ഷ ആവശ്യമുള്ള പദ്ധതികളില്‍ ഉപയോഗിക്കേണ്ടുന്ന സാങ്കേതിക ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്മ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അവ കണ്ടെത്തി, പരിഹരിച്ചു മുന്നോട്ടു പോകാനുള്ള നടപടികള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നത് നിരുത്തരവാദപരവും ദൌര്ഭാഗ്യകരവുമാണ്. വാല്‍വുകള്‍ മാത്രമല്ല അതീവ സാങ്കേതിക പ്രാധാന്യം ഉള്ള മര്ദ്ദപേടകവും അംഗീകൃത മാതൃക അനുസരിച്ചല്ല നിര്‍മ്മിച്ചതെന്നും അംഗീകൃത മാതൃക തന്നെ പതിറ്റാണ്ടുകള്‍ പഴക്കം ഉള്ളതാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. നേട്ടങ്ങളുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്ന ഭാരതീയ ശാസ്ത്ര സമൂഹത്തിനു അങ്ങേയറ്റം നാണക്കേട് ആണ് ഇത്തരം ആരോപണങ്ങള്‍. സര്‍ക്കാരും ശാസ്ത്രജ്ഞരും ആരുടെ താല്‍പ്പര്യങ്ങള്‍ ആണ് സംരക്ഷിക്കുന്നത് എന്ന ചോദ്യം ഒടുവില്‍ ബാക്കിയാകുന്നു.
ലോകമെങ്ങും ആണവ വിരുദ്ധ മുന്നേറ്റങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ ഘട്ടം ഘട്ടമായി ആണവോര്‍ജ്ജം ഒഴിവാക്കും എന്ന നിലപാടുകള്‍ സ്വീകരിച്ചിരിക്കുകയാണ്. ജപ്പാനിലെ ഫുക്കുഷിമ ആണവ ദുരന്തിന്റെ വാര്‍ഷിക ദിനത്തില്‍ അവിടെ നടന്ന പ്രധിഷേധ പ്രകടനങ്ങള്‍ ലോക മനസാക്ഷിയെ പ്രതിനിധീകരിക്കുന്നതാണ്. എന്നിട്ടും, നമ്മുടെ സര്‍ക്കാരും ശാസ്ത്രജ്ഞരും ഇതല്ലാതെ മറ്റു പോംവഴി ഇല്ലെന്ന രീതിയിലുള്ള വാദഗതികള്‍ ഉന്നയിക്കുന്നത് സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങള്‍ ആണ്. റിയാക്ടറിന്റെ ഇരട്ട കവചം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് മീറ്റര്‍ നീളമുള്ള പവര്‍ കണ്ട്രോള് കേബിളുകള്‍ കാണാനില്ല എന്ന് കണ്ടെത്തുകയുണ്ടായി. മാത്രമല്ല, നിലയത്തിലെ ആദ്യ രണ്ടു യൂണിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഘട്ടത്തില്‍ നിര്‍മ്മാണ തുക കണക്കുകൂട്ടിയിരുന്നതിലും നാലായിരം കോടിയോളം കൂടുതലാണ് എന്ന വസ്തുതയും എന്താണ് സൂചിപ്പിക്കുന്നത് ?
ഇനി സാങ്കേതിക സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിച്ചു എന്നു തന്നെയിരിക്കട്ടെ. കൂടംകുളം ആണവ നിലയം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പ്രതിവര്‍ഷം നൂറ്റി അമ്പതു ടണ്‍ ആണവ മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെടുക. ഇവയുടെ ഫലപ്രദമായ സംസ്കരണം ആണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വിഷയം. കര്‍ണ്ണാടകയിലെ കോലാറിലെ ഉപേക്ഷിക്കപ്പെട്ട സ്വര്‍ണ്ണ ഖനികളില്‍ ആണ് ഇവ സംക്സരിക്കപ്പെടുക എന്ന് സുപ്രീം കോടതിയുടെ ചോദ്യത്തിന് അധികാരികള്‍ മറുപടി പറഞ്ഞു. എന്നാല്‍ കര്‍ണ്ണാടകയിലെ ജനങ്ങളും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നപ്പോള്‍ ന്യൂക്ലിയാര്‍ പവര്‍ കോര്പ്പറേഷന് പത്രസമ്മേളനം നടത്തി ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. അങ്ങേയറ്റം അപകടകരങ്ങളായ മാലിന്യങ്ങള്‍ ആണ് കത്തിയ ആന ഇന്ധനങ്ങളുടെ അവശിഷ്ടങ്ങള്‍ എന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഫുക്കുഷിമ ആണവ ദുരന്തം നടന്നപ്പോള്‍ ഇത്തരത്തില്‍ എരിഞ്ഞ ഇന്ധനാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ടാങ്ക് വലിയ അളവില്‍ ആണവ വികിരണങ്ങള്‍ പുറന്തള്ളി എന്നത് നാം കണ്ടതാണ്. കൂടംകുളം നിലയം പുറന്തള്ളുന്ന ആണവ അവശിഷ്ടങ്ങള്‍ കടല്‍മാര്‍ഗ്ഗം സോവിയറ്റ് യൂണിയനിലേക്ക് തന്നെ കൊണ്ടുപോകും എന്നാണു ആദ്യകാല കരാറില്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് സോവിയറ്റ് യൂണിയന് നിലവിലില്ല. തല്ക്കാലം ഈ അവശിഷ്ടങ്ങള്‍ അടുത്ത ഏഴു കൊല്ലത്തേക്ക് പ്ലാന്റിന് അകത്തു തന്നെ സൂക്ഷിക്കാനും അതിനു ശേഷം ഇതുവരെ നിശ്ചയിച്ചിട്ടില്ലാത്ത ഇടത്തേയ്ക്ക് മാറ്റാനും ആണ് ഇപ്പോഴത്തെ തീരുമാനം. ഇനി അത് സുപ്രീം കോടതിയില്‍ പറഞ്ഞത് പോലെ കോലാറിലെ ഉപേക്ഷിക്കപ്പെട്ട സ്വര്‍ണ്ണ ഖനികളില്‍ ആണ് ഉപേക്ഷിക്കുന്നത് എന്നിരിക്കട്ടെ, എങ്ങനെയാവും അവിടെ എത്തിക്കുക ? ഇതിനുള്ള സാധ്യതകള്‍ ആരായുമ്പോള്‍ കേവലം സമീപ പ്രദേശം എന്ന നിലയില്‍ അല്ലാതെ കേരളം നേരിട്ടേക്കാവുന്ന ഭീഷണികള്‍ പുറത്തു വരുന്നത്.
സുരക്ഷയുടെ പേരും പറഞ്ഞു നിലയാതെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചു വയ്ക്കാനും സര്‍ക്കാരും ശാസ്ത്രജ്ഞന്മാരും ശ്രമിക്കുന്നു എന്നതും വളരെ ചിന്തനീയമാണ്. അവര്‍ അവകാശപ്പെടുന്നത് പോലെ പിഴവുകളില്ലാത്ത ഒരു പദ്ധതിയാണ് കൂടംകുളം എങ്കില്‍ എന്താണ് ജനങ്ങളില്‍ നിന്നും മറച്ചു പിടിക്കുന്നത് ? അധികാരികള്‍ ആരെയാണ് ഭയക്കുന്നത് ? പദ്ധതിയെ കുറിച്ച് ഇത്തരയേറെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലും അവയ്ക്കൊന്നും മറുപടി പറയാനോ ജനങ്ങളുടെ ഇടയില്‍ ഉണ്ടായ ഭയാശങ്കകളെ ദുരീകരിക്കാനോ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈയവസരത്തില്‍ ആണ് ഡോ. അബ്ദുല്‍ കലാം കൂടംകുളം സന്ദര്‍ശിച്ചു നടത്തിയ പ്രസ്താവന് ഓര്‍ക്കേണ്ടത്. ഒരു ശാസ്ത്രജ്ഞന് എന്ന നിലയില്‍ അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ആണവ നിലയ നിര്‍മ്മാണത്തില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തനാണ് എന്നാണു അദ്ദേഹം പറഞ്ഞത്. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു ശാസ്ത്രജ്ഞന് എന്ന നിലയില്‍, യഥാര്‍ത്ഥ വസ്തുതകളെ കുറിച്ച് ഈ വൈകിയ വേളയിലെങ്കിലും അദ്ദേഹം ഒരു പുനരന്വേഷണം നടത്തണം. അടുത്തിടെ കൂടംകുളം നിലയത്തിനുള്ളില്‍ നടന്നു എന്ന് പറയപ്പെടുന്ന പൊട്ടിത്തെറി സത്യമാണ് എങ്കില്‍, രാഷ്ട്രപതി സ്ഥാനം വരെ അലങ്കരിച്ച, ഇന്ത്യ കണ്ട മികച്ച ശാസ്തജ്ഞാന്മാരില് ഒരാളായ അദ്ദേഹത്തിന്റെ സകല മഹത്വങ്ങളെയും കേവലം ഒരു പ്രസ്താവനയുടെ പേരില്‍ ഒരു ജനത മറക്കുന്ന ദുരന്തക്കാഴ്ച്ചക്കും നമ്മള് സാക്ഷിയാകേണ്ടി വരും.
–അഭയ് ജയപാലന്–