തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ കാട്ടാനയെ കൊന്ന് റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ട സംഭവത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. ഒന്നാം പ്രതി മണിയന്‍ചിറ റോയി, കൂട്ടുപ്രതി സെബി എന്നിവരാണ് കീഴടങ്ങിയത്. മച്ചാട് റേഞ്ച് ഓഫിസിലെത്തി ഇരുവരും കീഴടങ്ങുകയായിരുന്നു. പ്രതികളെ ഉടന്‍ തെളിവെടുപ്പിനെത്തിക്കും. ജൂണ്‍ 14നാണ് റോയിയുടെ റബര്‍ തോട്ടത്തില്‍ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയില്‍ 10 പേരാണുള്ളത്. ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ മൊഴി. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേല്ക്കാന് ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയാണ്. ഇതിന് റോയി സഹായത്തിനു വിളിച്ച സുഹൃത്താണ് സെബി. ആനയുടെ കൊമ്പ് മുറിച്ചെടുത്തതിന് നേരത്തേ അറസ്റ്റിലായ അഖിലാണ് പ്രതിപ്പട്ടികയില്‍ രണ്ടാമന്. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സ്ഥലമുടമ റോയിയുടെ ഒപ്പം ചേര്‍ന്ന് ആനയെ കുഴിച്ചിട്ട കുമളിയില്‍ നിന്നുള്ള മൂന്നുപേരും വാഴക്കോട് സ്വദേശികളായ രണ്ടു പേരും മൂന്ന് മുതല്‍ ഏഴ് വരെ പ്രതികളാകും. അഖിലിനൊപ്പം ചേര്‍ന്ന് ആനക്കൊമ്പ് വില്ക്കാന് ശ്രമിച്ച മൂന്ന് പേരും കേസില്‍ പ്രതികളാണ്. ജൂണ്‍ 14ന് പന്നിക്കെണിയില്‍പെട്ട് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പ് റോയി അറിയാതെയാണ് അഖില്‍ മുറിച്ചെടുത്തത്. റോയിയുടെ കുമളിയിലെ സുഹൃത്തുക്കളാണ് അഖിലിനെ വിളിച്ചു വരുത്തി കൊമ്പ് മുറിപ്പിച്ചതെന്നാണ് വിവരം.