ഇടതുപക്ഷ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുപോയ ആളുകള്‍ മടങ്ങി പാര്‍ട്ടിയുടെ മടിത്തട്ടിലേക്ക് വരുന്നതിന് സിപി ഐഎമ്മിന് തുറന്ന സമീപനമാണ് എന്ന് പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം എംവി രാഘവന് കേരളത്തില്‍ പ്രഖ്യാപിച്ചു, ഇടതുമുന്നണിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തയാറാണ് എന്ന്. ഇത് സിപി ഐയെ അറിയിച്ചിട്ടുണ്ട്, ഇടതു സംഘടനകള്‍ക്ക് എപ്പോഴും സമാന നിലപാടുകളായതിനാല് യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. സിഎംപി എന്ന് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരേയൊരു ജനകീയ നേതാവിനെ ഇപ്പോള്‍ ഇടതുമുന്നണിയിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ്. കഴിഞ്ഞ 26 വര്‍ഷമായി ഇടതുമുന്നണിയില്‍ കാണാത്ത എന്തു മഹത്വമാണ രാഘവന് ഇപ്പോള്‍ കാണുന്നത്. ഇതു മനസ്സിലാക്കാന്‍ എംവി രാഘവന് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് വരെ കാത്തിരി ആക്കേണ്ട ആവശ്യം ഇല്ല. പ്രായാധിക്യം, സ്ഥാനമാനങ്ങളുടെ അഭാവം, താന്‍ പറഞ്ഞാല്‍ അതു അണുവിട തെറ്റാതെ ചെയ്യാന്‍ സ്വന്തം പാര്‍ട്ടിയിലോ ഇപ്പോള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു പോകുന്ന യുഡിഎഫിലോ ഒരാള്‍ പോലുമില്ലാത്തതിന്റെ അപകര്‍ഷത, കേരള രാഷ്ട്രിയത്തിന്റെ ചരിത്രത്തിന്റെ ഇരുണ്ട മൂലകളിലേക്ക് താനും തന്റെ പാര്‍ട്ടിയും തള്ളപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്റെ തിരിച്ചറിവ് ഇതൊക്കെയാണ്. ഇതിനെല്ലാം മൂലകാരണം എംവിആര്‍ സഖാവിന് പ്രായം ഏറെ ആയത്് മാത്രമാണ്. പ്രായാധിക്യത്താല്‍ കേരള രാഷ്ട്രിയത്തിന്റെ ഇന്നുകളില്‍ നിന്ന് ഇന്നലെകളിലേക്ക് തഴയപെട്ട ഗൗരിയമ്മയും ജെഎസ്എസും ജീവിക്കുന്ന ഉദാഹരണങ്ങളായി ആലപ്പുഴയിലും ചേര്ത്തലയിലുമൊക്കയായി ഉണ്ട്.
കേരള രാഷ്ട്രീയത്തിന്റെ ഇപ്പോഴത്ത നില അനുസരിച്ച് മീഡിയ ലൈംലൈറ്റില്‍ നില്‍ക്കാത്ത നേതാക്കന്മാര്ക്ക് എല്ലാം കഷ്ടകാലമാണ്. ആ കഷ്ടകാലത്തെ മറികടക്കാനും മീഡിയ ലൈംലൈറ്റില്‍ വന്നു ചേരാനും ചര്‍ച്ചയും ചര്‍ച്ചയോടുള്ള ആഗ്രഹം പ്രകടിപ്പിക്കലുമൊക്കെ ഒരു നിമിത്തമായി എന്നു മാത്രം.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് കോണ്‍ഗ്രസിന്റെ മുഖ്യ ഘടകകക്ഷിയായ കെസിഎമ്മിന്റെ നേതാവായ മാണിക്കെതിരെ രാഘവന് തുറന്നടിച്ചത്. മാണിക്ക് മകനെ എങ്ങനെയെങ്കിലും കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിക്കുക മാത്രമാണ് ലക്ഷ്യമെന്ന്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു വ്യക്തിഹത്യയില്‍ ചെന്നെത്തിയത്. ഇടതുമുന്നണിയോട് അനുനിമിഷം പ്രേമം പൊട്ടിപുറപ്പെടാന്‍ പ്രേരക ശക്തി ഇതായിരുന്നു എന്ന് അനുമാനിക്കാനെ നിവൃത്തിയുള്ളു.
മുസ് ലീം ലീഗുമായി ചങ്ങാത്തം കൂടാനുള്ള നയപരിപാടി (ബദല്‍ രേഖ) യുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഇടതു ശക്തികളുടെ വര്‍ഗശത്രുവായി നിന്ന വ്യക്തിയായിരുന്നു എംവിആര്‍. കോണ്‍ഗ്രസ് വേദികളില്‍ ഇടതിനെതിരെ കത്തിക്കയറി ആളുകളില്‍ പോരാട്ട വീര്യം വര്‍ധിപ്പിക്കാന്‍ ആര്‍ജവം കാണിച്ച വ്യക്തിയായിരുന്നു എംവിആര്‍. ഇടതുമുന്നണി നേതാക്കളുമായി ചര്‍ച്ചക്ക് ഇരിക്കുന്നതിന് മുന്‍പ് എംവി രാഘവന് കണ്ണൂരില്‍ ചെന്ന് കൂത്തുപറമ്പ് സന്ദര്‍ശിക്കണം, അവിടെ സ്ഥിതി ശാന്തമാണോ കലുഷിതമാണോ എന്നു പരിശോധിക്കണം. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ 1994 നവമ്പര്‍ 25ന് നടന്ന പോരാട്ടത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കിരാതമായ പൊലീസ ്വെടിവെപ്പില് അഞ്ച് യുവധീരന്മാരുടെ രക്തം വീണ പോരാട്ട ഭൂമിയാണ് കൂത്തുപറമ്പ്. ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പന് ഇന്നും കണ്ണൂരില്‍ തന്നെ കാണും. പറ്റിയാല്‍ എംവിആര്‍ പുഷ്പനെയും കൂടി സന്ദര്‍ശിക്കണം.
വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ജഡ്ജിയായിരുന്ന ശ്രീ കെ പത്മനാഭന് നായരെ ഏകാംഗ കമീഷനായി യുഡിഎഫ് സര്‍ക്കാര്‍ 1995 ജനുവരി 20നാണ് നിയോഗിച്ചത്. കമീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് 1997 മെയ് 27ന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു.
‘ചുരുക്കത്തില്‍ സാക്ഷി തെളിവുകളില്‍നിന്ന് വ്യക്തമാവുന്ന സംഭവ പരമ്പരകളുടെയും വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ 25.11.1994ന് കൂത്തുപറമ്പില്‍ നടന്ന പൊലീസ് വെടിവെപ്പ് ഒഴിവാക്കാവുന്നതും അനാവശ്യവും ന്യായീകരിക്കാനാവാത്തതുമാണ് എന്ന നിസ്തര്‍ക്കമായ നിഗമനത്തിലേക്ക് നയിക്കുന്നു.”
ജസ്റ്റീസ് പത്മനാഭന് തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു ‘കൂത്തുപറമ്പ് സന്ദര്‍ശിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ച് കൂത്തുപറമ്പ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബേങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്നുള്ള മുന്‍ സഹകരണ വകുപ്പ് മന്ത്രി ശ്രീ എം വി രാഘവന്റെ വീട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അവിടെയുണ്ടായ വെടിവെപ്പിന്റെ മൂല കാരണം. സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ച് കണ്ണൂര്‍ ഡിവൈഎസ്പിയായിരുന്ന ശ്രീ അബ്ദുള്‍ ഹക്കീം ബത്തേരിയുടെ നേതൃത്വത്തില്‍ നടന്ന, ഒഴിവാക്കാമായിരുന്ന ലാത്തിച്ചാര്‍ജാണ് വെടിവെപ്പിലേക്ക് വഴിവെച്ചത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കലക്ടരുമായിരുന്ന ശ്രീ ടി ടി ആന്റണിക്ക് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ നേരിട്ട വീഴ്ചയും വെടിവെപ്പിലവസാനിക്കുകയും വെടിവെപ്പില്‍ അഞ്ചൂപേര്‍ മരണമടയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു”
ചുരുക്കത്തില്‍ കൂത്തുപറമ്പില്‍ നടന്ന വെടിവെയ്പിന്റെ പാപഭാരം ഇന്നും രാഘവന്റെ ചുമലില്‍ തന്നെയാണ്. രക്തസാക്ഷികളുടെ ചോരയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്ന ഇടതുമുന്നണിയിലേക്ക് ഇടതു രക്തത്തിന്റെ തന്നെ പാപഭാരവുമായി എത്തുമ്പോള്‍ കണ്ണൂരിലെ സഖാക്കള്‍ ്രാഘവനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമോ ? അന്ന്ത്തെ സിപിഎം ജില്ലാ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന പിണറായി വിജയന് ഇവരുടെ ഒക്കെ സമീപനം എന്തായിരിക്കും എന്ന് വരും ദിവസങ്ങളില്‍ അറിയാം.
എംവി രാഘവന് ഇന്ന് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത്ര വിശിഷ്ടമായ ഒരു വ്യക്തിയൊന്നുമല്ല. നിയമസഭയില്‍ പ്രാധിനിത്യമില്ല എന്നതു തന്നെ കാരണം. എംവിആര്‍ പോയാലും നിന്നാലും ചെന്നിത്തലക്കോ ഉമ്മന്‍ ചാണ്ടിക്കോ പ്രത്യേകിച്ച് ലാഭ നഷ്ടങ്ങള്‍ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. എംവിആറിനെ യുഡിഎഫില്‍ തുടരണമെങ്കില്‍ തുടരാം പോകണമെങ്കില്‍ പോകാം. അതാണ് അപ്രഖ്യാപിതമായ യുഡിഎഫിന്റെ നിലപാട്. അതില്‍ നിന്ന് വിഭിന്നമല്ല കണ്‍വീനര്‍ തങ്കച്ചന്െയും നിലപാട്.
എംവിആര്‍ ഇടതുപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ചാനലുകളിലൂടെ പരസ്യപ്പെടുത്തിയിട്ടും എല്ലാ ചാനലുകളും മണിക്കൂറുകളോളം ബ്രേക്കിങ് ന്യൂസ് നല്‍കിയിട്ടും കോണ്‍ഗ്രസില്‍ നിന്ന് പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. ഇനിയുമൊട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുമില്ല. പല്ലു കൊഴിഞ്ഞ സിംഹത്തെ എന്തിനു പേടിക്കണം, മാനോ മുയലോ പോലും പേടിക്കില്ല. കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും ഇതൊക്കെ ഇടതുപക്ഷത്തെ തമ്മില്‍തല്ല് മറച്ചു പിടിക്കാനുള്ള കതന്ത്രങ്ങളുമാണെന്ന് പറഞ്ഞ കെപിസിസി സെക്രട്ടറി എംവി രാഘവനെ പറ്റിയോ ഇടതു ചായ്വിനെ കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല.
പ്രകാശ് കാരാട്ടിന്റെ തുറന്ന സമീപനത്തിന് വലിയ വിലയുള്ളതാണെന്നാണ് ഇതിനോട് വിഎസ് പ്രതികരിച്ചത്. അത് പിന്നെ സ്വാഭാവികം തന്നോടൊപ്പം പ്രവര്‍ത്തിച്ചവര്‍ മടങ്ങി വരുന്നതില്‍ വിഎസിന് സന്തോഷം മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളു. തന്നെയുമല്ല പാര്‍ട്ടി നേതൃത്വത്തിനെതിരെ പടവാള് എടുക്കാനുള്ള ഒരു സുവര്‍ണാവസരം കൂടിയല്ലേ കൈവന്നിരിക്കുന്നത്.
എംവിആര്‍ യുഡിഎഫിനോടുള്ള പ്രണയം മതിയാക്കി സ്വവസതിയിലേക്ക് മടങ്ങി വരികയാണെങ്കില്‍ അതിന് കാരണം ഒന്നേയുള്ളു. പ്രായം എംവിആറിന്റെ ആരോഗ്യത്തെ നന്നായി തന്നെ ബാധിച്ചിട്ടുണ്ട്. സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അദ്ദേഹം സ്വന്തം പാര്‍ട്ടിയില്‍ തന്നെ അംഗമായി നിന്ന് മരിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടാകും. കോണ്‍ഗ്രസിനോട് തെറ്റി പിരിഞ്ഞ് ഒറ്റക്ക് പോയ കരുണാകരന് ജീവിതത്തിന്റെ അവസാന നാളുകളില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നതിനോട് തുല്യമായ തീരുമാനമാകും എംവിആറിന്റെ ഇടതുപക്ഷത്തേക്കുള്ള ചേക്കേറലും.
എംവിആര്‍ തന്റെ ആത്മകഥയായ ഒരു ജന്മത്തിന്റെ അവസാന ഭാഗത്ത് പേജ് 415ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ‘കമ്മ്യുണിസ്റ്റ്് എന്നാല്‍ കള്ളന്മാര് എന്ന ചിന്ത ജനങ്ങളില്‍ ഉടലെടുത്തിരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനം പോലെയാണ് പാര്‍ട്ടികള്‍. ഒരു കമ്മ്യുണിസ്റ് പാര്‍ട്ടി എത്രമാത്രം അധപതിക്കാം എന്നതിന്റെ ഉദാഹരണമാണ് സിപിഎം. സ്റ്റാലിനെ ഇപ്പോഴും ആരാധിക്കുന്ന ലോകത്തിലെ ചുരുക്കം ചില കമ്മ്യുണിസ്റ് പാര്‍ട്ടികളില്‍ ഒന്നാണ് സിപിഎം. ഒരു ഭാഗത്ത് വിപ്ലവ വായാടിത്തം;. മറുഭാഗത്ത് കോര്‍പ്പറേറ്റ് താല്പര്യ സംരക്ഷണം. ഭരണത്തിന്റെ ഗുണഭോക്താക്കള്‍ പാര്‍ട്ടിക്കാരും സ്വന്തക്കാരും മാത്രമാകുന്നു. ഗുണ്ടകളെ വളര്‍ത്തുന്ന പാര്‍ട്ടിയാണിത്. കൊലയാളികള്‍ രക്ഷപെടും. കാരണം സാക്ഷിപറയാന്‍ ജീവഭയത്താല്‍ ആരും ധൈര്യപ്പെടില്ല. ‘
ഇനി ചര്‍ച്ചയാവാം, ചര്‍ച്ചയില്‍ ഇതൊക്കെ ഉള്‍ക്കൊള്ളിച്ചാല്‍ പങ്കെടുക്കുന്നവര്‍ക്കും ഒരു രസം ഉണ്ടായിരിക്കും.