ഇലക്ടറൽ ബോണ്ട് പദ്ധതിയെ “ഭരണഘടനാ വിരുദ്ധം” എന്ന് വിശേഷിപ്പിച്ച് അസാധുവാക്കി സുപ്രിംകോടതി. ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത് ഉടൻ നിർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചു. ‘വോട്ടവകാശത്തിന് വിവരങ്ങള്‍ അനിവാര്യമാണ്’ എന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീം കോടതിയുടെ ഏകകണ്ഠമായ വിധി.
വോട്ടുചെയ്യുന്നതിന് ആവശ്യമായ അവശ്യ വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. നിയമം രാഷ്ട്രീയ സംഭാവനകള്‍ അനുവദിക്കുമ്പോള്‍ അത് സംഭാവന ചെയ്യുന്നവരുടെ ബന്ധത്തെ കൂടി സൂചിപ്പിക്കുന്നുവെന്നും അവരെ സംരക്ഷിക്കേണ്ടത് ഭരണഘടനയുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
“ഇലക്ടറൽ ബോണ്ട് സ്കീം ആർട്ടിക്കിൾ 19(1)(എ) യുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. കമ്പനി നിയമത്തിലെ ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. ഇഷ്യൂ ചെയ്യുന്ന ബാങ്ക് ഇലക്ടറൽ ബോണ്ടുകളുടെ വിതരണം ഉടൻ നിർത്തും. മൂന്നാഴ്ചയ്ക്കുള്ളിൽ എസ്ബിഐയിൽ നിന്ന് ഇസിഐക്ക് സമഗ്രമായ ഡാറ്റ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞാൽ, ഈ വിശദാംശങ്ങൾ അതിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സുതാര്യതയും പൊതു പ്രവേശനവും ഉറപ്പാക്കുന്നു, ” സിജെഐ ചന്ദ്രചൂഡ് പറഞ്ഞു.
2018 ജനുവരിയില്‍ ആരംഭിച്ച ഇലക്ടറല്‍ ബോണ്ടുകള്‍, വ്യക്തികള്‍ക്കോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കോ ഒരു ബാങ്കില്‍ നിന്ന് വാങ്ങാനും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സമര്‍പ്പിക്കാനും കഴിയുന്നവയാണ്. അത് പിന്നീട് ഫണ്ടുകള്‍ക്കായി റിഡീം ചെയ്യാന്‍ കഴിയും. രാഷ്ട്രീയ ഫണ്ടിംഗില്‍ സുതാര്യത കൊണ്ടുവരാനുള്ള ശ്രമമെന്ന നിലയില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കുന്ന പണ സംഭാവനകള്‍ക്ക് ബദലായാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. നേരത്തെ മൂന്ന് ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം നവംബര്‍ രണ്ടിന് സുപ്രീം കോടതി കേസ് വിധി പറയാന്‍ മാറ്റി വെച്ചിരുന്നു. ഫിനാന്‍സ് ആക്ട് 2017, ഫിനാന്‍സ് ആക്റ്റ് 2016 എന്നിവയിലൂടെ വ്യത്യസ്ത ചട്ടങ്ങളില്‍ കുറഞ്ഞത് അഞ്ച് ഭേദഗതികളെങ്കിലും വരുത്തിയതിനെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുമ്പിലെത്തിയത്.
സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍ ഇവയാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടനത്തെയും ബാധിക്കുന്ന, പൗരന്മാരുടെ അറിയാനുള്ള അവകാശത്തെ ഇലക്ടറല്‍ ബോണ്ട് പദ്ധതി ലംഘിക്കുന്നു.
ഇലക്ട്രല്‍ സ്കീമിന്റെ ക്ലോസ് 7(4)(1)ല്‍ സ്വീകരിച്ച നടപടി ഏറ്റവും കുറഞ്ഞ നിയന്ത്രണ നടപടിയാണെന്ന് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല.
സംഭാവനകള്‍ രഹസ്യമാക്കിയ ആദായ നികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തിയ ഭേദഗതികള്‍ സുപ്രീം കോടതി റദ്ദാക്കി.
ബോണ്ടുകളുടെ വിതരണം ഉടന്‍ നിര്‍ത്തിവെക്കണം. മൂന്നാഴ്ചയ്ക്കകം ബോണ്ടുകളുടെ വിവരം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
2019 ഏപ്രില്‍ 12 മുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പണമാക്കി മാറ്റിയ ബോണ്ടുകളുടെ വിവരങ്ങള്‍ മാര്‍ച്ച് ആറിനകം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. 2024 മാര്‍ച്ച് 31 ന് കമ്മീഷന് വെബ്സൈറ്റില്‍ ഇത് പരസ്യപ്പെടുത്തണം.
സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങള്‍, കറന്‍സി മൂല്യം, പണമായി മാറ്റി നല്‍കിയത് അടക്കം മറ്റു വിവരങ്ങളെല്ലാം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം.
പണമാക്കി മാറ്റാത്ത ബോണ്ടുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ 15 ദിവസത്തിനുള്ളില്‍ തിരിച്ചു നല്‍കണം. ബോണ്ട് വാങ്ങിയവര്‍ക്ക് ബാങ്കുകള്‍ തിരിച്ചു നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു.
ഇലക്ടറല്‍ ബോണ്ടിനായി ജനപ്രാതിനിധ്യ (ആര്‍പി) നിയമത്തിലെ സെക്ഷന്‍ 29 സി, ആദായനികുതി നിയമങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ അസാധുവാണെന്ന് കോടതി.