വാഷിംഗ്ടൺ ഡിസി: ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും ഭവനമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യമാണ് ഇന്ത്യയുടെ ഡിഎന്‍എ. യാതൊരു വിവേചനത്തിനും ഇന്ത്യയില്‍ സ്ഥാനമില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജാതി, മത, വര്‍ണ, ലിംഗ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും ഭവനമാണ് ഇന്ത്യ. എല്ലാ വിശ്വാസങ്ങളും ഞങ്ങൾ ആഘോഷിക്കുന്നു. ഇന്ത്യയിൽ, വൈവിധ്യം ഒരു സ്വാഭാവിക ജീവിതരീതിയാണ്, ഇന്ന് ലോകം ഇന്ത്യയെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.- നരേന്ദ്രമോദി പറഞ്ഞു.ഇന്ത്യയിൽ 2500-ലധികം രാഷ്ട്രീയ പാർട്ടികളുണ്ട്. 20 ഓളം വ്യത്യസ്ത പാർട്ടികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്നു. ഞങ്ങൾക്ക് 22 ഔദ്യോഗിക ഭാഷകളും ആയിരക്കണക്കിന് പ്രാദേശിക ഭാഷകളുമുണ്ട്. ഓരോ 100 മൈലിലും ഞങ്ങളുടെ പാചകരീതിയിലും മാറ്റമുണ്ട്. എന്നിരുന്നാലും. ഞങ്ങൾ ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു.ആ കൗതുകം ഇവിടെയും(യുഎസ് കോൺഗ്രസ്) ഞാൻ കാണുന്നു. ഇന്ത്യയുടെ വികസനവും ജനാധിപത്യവും വൈവിധ്യവും മനസിലാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത് എല്ലായ്പ്പോഴും വലിയ ബഹുമതിയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമാണ്. ഇരു രാജ്യങ്ങളുടെയും ഭരണഘടനകൾ ആരംഭിക്കുന്നത് ‘ഞങ്ങൾ ജനങ്ങൾ’ എന്ന വാക്കുകളിലാണ്. ഇരു രാജ്യങ്ങളും സ്വന്തം വൈവിധ്യത്തിൽ അഭിമാനിക്കുന്നു. കോവിഡിന് ശേഷമുള്ള ലോകക്രമം ഒരു പുതിയ രൂപമെടുക്കുകയാണ്. ആഗോള നന്മയ്ക്കും ലോക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.- മോദി വ്യക്തമാക്കി ഈ കൂടിക്കാഴ്ച ലോക സാമ്പത്തിക രംഗത്തിന് നിര്‍ണായകമാണ്. സെമി കണ്ടക്ടര്‍, എഐ, ടെലി കോം മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂട്ടും. തീവ്രവാദത്തിനെതിരെ യോജിച്ച് പോരാടും. യുക്രെയ്ന് യുദ്ധം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.